കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് അഹ്സാം ആണ് മരിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. നിതിന്‍രാജ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വീട് വാടകക്കെടുത്ത അനൂപ് മാലിക്കിനെതിരെ പോലീസ് സ്ഫോടകവസ്തു നിയമപ്രകാരം കേസെടുത്തു. ഉത്സവങ്ങൾക്ക് വൻതോതിൽ പടക്കം വിതരണം ചെയ്തിരുന്ന ആളാണ് അനൂപ്. സ്ഫോടനത്തിന് ഇരയായയാൾ അനൂപിന്റെ ജീവനക്കാരനാണെന്നാണ് സൂചന . 2016 ൽ കണ്ണൂരിലെ പൊടിക്കുണ്ടിലെ ഒരു വീട്ടിൽ ഉണ്ടായ സ്ഫോടന കേസിൽ അനൂപ് മാലിക് മുമ്പ് പ്രതിയായിരുന്നു.
കഴിഞ്ഞ ഒരു വർഷമായി വാടകക്കാർ വീട്ടിൽ താമസിക്കുന്നുണ്ട്. . “ഉത്സവത്തിന് ആവശ്യമായ പടക്കങ്ങൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്,” സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് പറഞ്ഞു. അതേസമയം, കണ്ണപുരം സ്ഫോടനത്തിൽ സിപിഎം രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചു. അനൂപ് മാലിക്കിന് കോൺഗ്രസുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു.
സ്ഫോടനത്തിന് പിന്നിലെ രാഷ്ട്രീയം പുറത്തുകൊണ്ടുവരാൻ അനൂപിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ജില്ലയിൽ ക്ഷേത്രോത്സവ സീസൺ അവസാനിച്ചു, അതിനാൽ വീടിനുള്ളിൽ പടക്കം തയ്യാറാക്കി എന്ന് പറയുന്നതിൽ സംശയമുണ്ടെന്നാണ് സിപിഎം ആരോപിക്കുന്നത് .
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. വീടിന് ചുറ്റും മനുഷ്യശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്നതായി കണ്ടെത്തിയതായാണ് റിപ്പോർട്ട്. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് കണ്ണപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. ബോംബ് നിർമ്മാണത്തിനിടെയാണ് അപകടം സംഭവിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. വീട്ടിൽ നിന്ന് പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തി. ബോംബ് സ്ക്വാഡും അപകടസ്ഥലം പരിശോധിക്കുന്നുണ്ട്.സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധി വീടുകളുടെ വാതിലുകൾ തകർന്നു. ചുമരുകളിൽ വിള്ളലുകൾ ഉണ്ടായി.

