തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. ശബരിമല വിവാദത്തെ തുടർന്ന് അജിത് കുമാറിനെ പോലീസിൽ നിന്ന് മാറ്റാൻ തീരുമാനിച്ചതിനു പിന്നാലെയാണിത് . നിലവിലെ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പോയ സാഹചര്യത്തിലാണ് നടപടി.അജിത് കുമാറിനെ ബറ്റാലിയനിൽ നിന്ന് മാറ്റിയ വിവരം സർക്കാർ ഹൈക്കോടതിയെ അറിയിക്കും
ശബരിമലയിൽ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര വിവാദം സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സാധനങ്ങൾ കൊണ്ടുപോകാൻ മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അജിത് കുമാർ ഇത് ലംഘിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ജൂലൈ ആദ്യവാരത്തിലാണ് സംഭവം. പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത് കുമാറിന്റെ ട്രാക്ടർ യാത്ര. സൗകര്യം ഒരുക്കിയത് പത്തനംതിട്ട എസ്പി വിജി വിനോദ് കുമാറാണെന്നും ആരോപണമുണ്ട്.
പമ്പയിൽ സിസിടിവി ക്യാമറയില്ലാത്ത സ്ഥലത്ത് നിന്നായിരുന്നു അജിത് കുമാർ ട്രാക്ടർ യാത്ര നടത്തിയത്. ചില തീർത്ഥാടകർ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തിയിരുന്നു. മാളികപ്പുറം ക്ഷേത്രത്തിന് സമീപം നിർമ്മിച്ച നവഗ്രഹ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് അജിത് കുമാർ ശബരിമലയിൽ എത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഒരു ക്ലീനറെ ട്രാക്ടറിൽ കൊണ്ടുപോകുന്നത് പോലും ശിക്ഷാർഹമാണ്. സന്നിധാനം സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.
ആളുകളെ കൊണ്ടുപോകുന്ന ട്രാക്ടറുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും അദ്ദേഹം സ്വീകരിച്ചിരുന്നു. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ, കഴിഞ്ഞ മാസത്തെ പൂജയ്ക്കും പ്രതിഷ്ഠാ ചടങ്ങിനും അദ്ദേഹം ശബരിമലയിൽ എത്തിയില്ല. അതിനിടയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് എഡിജിപി യാത്ര ചെയ്യുകയായിരുന്നു.

