വാഷിംഗ്ടൺ ; ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഈ വധശ്രമത്തെ പറ്റി കഴിഞ്ഞ ഏപ്രിലിൽ അമേരിക്ക ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് ‘ ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ‘ .
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും തമ്മിൽ അടുത്തിടെയുണ്ടായ സംഭാഷങ്ങൾക്ക് മുൻപ് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യുദ്ധത്തിന്റെ തുടക്കം മുതൽ തന്നെ ഇറാനിലെ ഉന്നത നേതാക്കളെ കൊല്ലുന്നത് ഇസ്രായേലിന്റെ സമീപനത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള നീക്കങ്ങൾ ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് ഭയപ്പെട്ടു.
ഏപ്രിലിൽ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞതിനാൽ, അത്തരമൊരു ആക്രമണം ചർച്ചകളെ തടസ്സപ്പെടുത്തുകയും യുദ്ധം വീണ്ടും സജീവമാക്കുകയും ചെയ്യുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വിശ്വസിച്ചു.ഫെബ്രുവരി 28 ന് ഇസ്രായേൽ നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത് . ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തി. ഇറാന്റെ നാവിക, മിസൈൽ സേനകളെ ലക്ഷ്യമിട്ടായിരുന്നു അമേരിക്ക ആക്രമണങ്ങൾ നടത്തിയതെങ്കിലും, ഇസ്രായേൽ സൈന്യം ഇറാൻ നേതൃത്വത്തെ കേന്ദ്രീകരിച്ച് ആയിരുന്നു ആക്രമണങ്ങൾ നടത്തിയത്.
കൊല്ലപ്പെട്ടവരിൽ ഇറാന്റെ ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനിയും മുൻ വിദേശകാര്യ മന്ത്രി കമൽ ഖരാസിയും ഉൾപ്പെടുന്നു. ഇരുവരും ട്രംപ് ഭരണകൂടം ചർച്ച നടത്താൻ നിശ്ചയിച്ചിരുന്ന നേതാക്കളായിരുന്നു. രണ്ടുതവണ ഗലിബാഫിന് നേരെ ഇസ്രായേൽ ആക്രമണമുണ്ടായി. കഴിഞ്ഞ വർഷത്തെ 12 ദിവസത്തെ യുദ്ധത്തിനിടയിലും ഈ വർഷത്തെ സംഘർഷം ആരംഭിച്ചതിനുശേഷവും ഗലിബാഫിനു നേരെ ആക്രമണം ഉണ്ടായി.
ഏപ്രിൽ 12 ന് പാകിസ്ഥാനിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായുള്ള ചർച്ചകൾക്ക് ശേഷം ഗലിബാഫ് ടെഹ്റാനിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ വിമാനം ലക്ഷ്യമിട്ട് രണ്ട് ഇസ്രായേൽ വിമാനങ്ങൾ ഇറാഖ് വ്യോമപാത വഴി ഇറാനിലേയ്ക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് യുഎസ് അധികൃതർ കണ്ടെത്തി. ഈ വിവരം ഉടൻ ഇറാന് കൈമാറുകയും ചെയ്തു. തുടർന്ന് ഗാലിബാഫിന്റെ വിമാനം നിശ്ചയിച്ച പാത മാറി ഇറാന്റെ വടക്കൻ പ്രവിശ്യയായ മഷ്ഹദിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു.

