വാഷിംഗ്ടൺ : ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് നീങ്ങുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
പാകിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ ഭീഷണി. വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും , ഇറാനിലെ തുറമുഖങ്ങൾക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. മാത്രമല്ല ബോംബ് ഇടേണ്ടി വരുമെന്നുമാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ഈ മാസം ആദ്യം മുതൽ ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം യുഎസ് നാവികസേന തടയുന്നുണ്ട്. ഉപരോധം തുടർന്നാൽ ലോകത്തെ ഊർജ്ജ വിതരണത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏപ്രിൽ 21 ന് വരെയുള്ള സമയപരിധി നിർണായകമാണെന്നാണ് ട്രംപ് സൂചന നൽകിയത് . ഈ തീയതിക്കുള്ളിൽ യുഎസും ഇറാനും തമ്മിൽ ഒരു വ്യക്തമായ കരാറിലെത്തിയില്ലെങ്കിൽ, വെടിനിർത്തൽ അവസാനിപ്പിക്കുമെന്നാണ് യുഎസ് നിലപാട്. അങ്ങനെയെങ്കിൽ മിഡിൽ ഈസ്റ്റ് വീണ്ടും ഒരു വലിയ സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങിയേക്കാം. അതേസമയം, പുതിയ ചർച്ചകൾക്കായി അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ ഉടൻ തന്നെ പാകിസ്ഥാനിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും, ഇരുപക്ഷവും ഒരു കരാറിലെത്താൻ ശ്രമിക്കുന്നതായി സൂചനകൾ ഉണ്ട്.
ഇരു രാജ്യങ്ങളിലെയും നേതാക്കൾ ഞായറാഴ്ച വൈകുന്നേരത്തോടെ പാകിസ്ഥാനിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ റൗണ്ട് ചർച്ചകൾ വ്യക്തമായ ഫലമില്ലാതെ അവസാനിച്ചതിനാൽ, വരാനിരിക്കുന്ന ചർച്ചകൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി കണക്കാക്കപ്പെടുന്നു.

