ന്യൂയോർക്ക് : യു എസ് ജനപ്രതിനിധി സഭാ മുൻ അംഗമായ തുൾസി ഗബ്ബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി പ്രഖ്യാപിച്ച് നിയുക്ത യുസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റിക് അനുഭാവിയായിരുന്ന തുൾസി 2013 മുതൽ 202 വരെ ഹവായിയിൽ പാർട്ടിയുടെ കോൺഗ്രസ് വുമണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തന്റെ കരിയറിൽ നിർഭയമായി പ്രവർത്തിച്ച ആളാണ് തുൾസിയെന്നും , ഇത് അഭിമാനമാണെന്നുമാണ് തുൾസി ഗബ്ബാർഡിനെ ഈ സ്ഥാനത്തേക്ക് നിയമിച്ച ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് വിശേഷിപ്പിച്ചത്.
ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും അവർക്ക് വലിയ രീതിയിൽ പിന്തുണയുണ്ടെന്നും ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു. 2019ലെ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ പ്രൈമറിയിൽ കമലാ ഹാരിസിനെതിരെ തുളസി ഗബ്ബാർഡ് മത്സരിച്ചിട്ടുണ്ട്. തന്റെ വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രംപ് തുൾസിയെ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി പ്രഖ്യാപിച്ചത്.
ഇരുപത് വർഷത്തിലേറെ യുഎസ് മിലിറ്ററിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് തുൾസി. യുഎസ് പാർലമെന്റിലെ ഹിന്ദുമതവിശ്വാസിയായ ആദ്യ അംഗമാണ് തുൾസി. ഗബ്ബാർഡിന്റെ അമ്മ കരോൾ പോർട്ടൽ യുഎസ് പൗരയാണെങ്കിലും ഹൈന്ദവ വിശ്വാസിയാണ്. ഹവായിയിൽ നിന്നുള്ള അംഗമായ തുൾസി ഭഗവദ്ഗീതയിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.