ഇസ്ലാമാബാദ് ; ഇറാൻ വിദേശകാര്യ മന്ത്രിയും സംഘവും പാകിസ്ഥാനിൽനിന്ന് മടങ്ങിയതിനു പിന്നാലെ യുഎസ് പ്രതിനിധി സംഘവും യാത്ര റദ്ദാക്കി. ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്കു വരാനിരുന്ന പ്രതിനിധി സംഘത്തിന്റെ യാത്ര റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമേരിക്കൻ മാധ്യമങ്ങളോടു പറഞ്ഞു.
അരാഗ്ചിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ, സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷമാണ്, ടെഹ്റാൻ പ്രതിനിധി സംഘം പാകിസ്ഥാനിൽ നിന്ന് ഒമാനിലേക്ക് പുറപ്പെട്ടത്.
ഇസ്ലാമാബാദിന് ശേഷം അരാഗ്ചി മസ്കറ്റിലെത്തി. തുടർന്ന് അദ്ദേഹം മോസ്കോയിലേക്ക് പോകും. ഒരേസമയം നിരവധി രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ വഴി കണ്ടെത്താൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.ഇറാനും യുഎസും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് വ്യക്തമായി പറഞ്ഞു. പാകിസ്ഥാൻ വഴി ഇറാൻ തങ്ങളുടെ കാഴ്ചപ്പാടുകളും ആശങ്കകളും യുഎസിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

