സ്റ്റോക്ക്ഹോം : 2025 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊരീന മചാഡോ പുരസ്കാരത്തിന് അർഹയായി. വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് കൂടിയായ മരിയ കൊരീനയ്ക്ക്
ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്.
വര്‍ഷങ്ങളായി സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തക,
ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയ്ക്ക് വേണ്ടി പോരാടിയ പോരാളി എന്നീ നിലകളിലാണ് മരിയ കൊരീന പുരസ്കാരത്തിന് അർഹത നേടിയതെന്ന് നൊബേൽ
സമിതി പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ 20 വർഷത്തിൽ അധികമായി സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് വേണ്ടി ബുള്ളറ്റിന് മുകളിൽ ബാലറ്റിന് വേണ്ടി നിന്ന സ്ത്രീ, ജനാധിപത്യത്തിന്റെ ജ്വാല കെടാതെ കാത്ത വ്യക്തി എന്നിങ്ങനെയാണ് സമിതി മരിയ കൊരീനയെ വിശേഷിപ്പിച്ചത്.
അതേസമയം യൂ എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നിരാശ നൽകിയ നൊബേൽ പുരസ്കാരമായിരുന്നു ഈ വർഷത്തേത്. ഇത്തവണത്തെ സമാധാന നോബേൽ പുരസ്കാരത്തിന് ട്രംപ് പരിഗണിക്കപ്പെടും എന്നുള്ള ചർച്ച വ്യാപകമായി ഉയർന്നിരുന്നു. കൂടാതെ പുരസ്കാരത്തിന് തന്റെ അത്ര അർഹത മറ്റാർക്കും ഇല്ലെന്ന വാദം ട്രംപ് നിരന്തരം ആവർത്തിച്ചിരുന്നു. അധികാരത്തിലേറി ഏഴു മാസത്തിനകം ഇന്ത്യ – പാകിസ്ഥാൻ യുദ്ധം അടക്കം ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന് ആയിരുന്നു ട്രംപിന്റെ പ്രധാന വാദം.

