ഹൈദരാബാദ് ; പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ പിതാവ് കുവൈത്തിൽ നിന്നെത്തി കൊലപ്പെടുത്തി. കൊലപാതകം നടത്തി അന്ന് വൈകിട്ടുതന്നെ പ്രതി കുവൈത്തിലേക്ക് മടങ്ങുകയും ചെയ്തു.
പതിനഞ്ച് വർഷമായി പെൺകുട്ടിയുടെ പിതാവ് കുവൈറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു . കുറച്ചു മാസങ്ങൾക്ക് മുൻപ് വരെ ഭാര്യയും മകളും ഇയാള്‍ക്കൊപ്പം കുവൈറ്റിലായിരുന്നു താമസം. എന്നാല്‍ പിന്നീട് ഇയാള്‍ മകളെ നാട്ടിലുള്ള ഭാര്യയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലാക്കി.
മകളുടെ ചെലവിനുള്ള പണം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഭാര്യയുടെ കുടുംബത്തിൻ്റെ സാമ്പത്തികനില മോശമായതിനെ തുടര്‍ന്ന് ഭാര്യാ മാതാവിനേയും അദ്ദേഹം വിദേശത്തേയ്ക്കു കൊണ്ടുപോയി. കുട്ടിയെ ഭാര്യയുടെ ഇളയസഹോദരിയെയാണ് ഏല്പിച്ചത് . ആദ്യമൊക്കെ നന്നായി ഇവർ കുട്ടിയെ നോക്കിയെങ്കിലും പിന്നീട് വിസമ്മതം അറിയിക്കുകയായിരുന്നു.
അതോടെ ഭാര്യയുടെ അമ്മ കുവൈത്തിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി. അപ്പോഴാണ് ബന്ധുവായ യുവാവ് പന്ത്രണ്ടുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് വ്യക്തമായത്. ഇതോടെ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകളൊമൊന്നുമുണ്ടായില്ല. ഈ വിവരം അറിഞ്ഞതോടെയാണ് മകളെ ഉപദ്രവിച്ചയാളെ ഇല്ലാതാക്കാൻ പിതാവ് തീരുമാനിച്ചത്.
രാവിലെ ആന്ധ്രയിലെത്തിയ പിതാവ് പ്രതിയെ ഇരുമ്പുവടികൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്നുവൈകിട്ടുതന്നെ വിദേശത്തേക്ക് മടങ്ങുകയും ചെയ്തു.കൊലക്കേസ് അന്വേഷിച്ച പൊലീസിന് ആദ്യഘട്ടത്തില്‍ തുമ്പൊന്നും ലഭിച്ചില്ല. സ്വന്തം യുട്യൂബ് ചാനലിലൂടെ പിതാവ് ഏറ്റുപറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.