ടെഹ്റാൻ : ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ അമേരിക്കയോ ഇസ്രായേലോ നടത്തുന്ന പുതിയ സൈനിക നടപടികൾ മിഡിൽ ഈസ്റ്റിനപ്പുറത്തേക്ക് സംഘർഷം വ്യാപിക്കാൻ കാരണമാകുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിന്റെ മുന്നറിയിപ്പ് .
ഇറാനെതിരായ പുതിയ ആക്രമണങ്ങൾ വലിയ പ്രാദേശിക യുദ്ധങ്ങൾക്കിടയാക്കുമെന്നും, ശക്തമായ സൈനിക പ്രതികരണത്തിന് കാരണമാകുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) തങ്ങളുടെ ഔദ്യോഗിക സെപാ ന്യൂസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.
“ഇറാനെതിരെയുള്ള ആക്രമണം ആവർത്തിച്ചാൽ, പ്രാദേശിക യുദ്ധം ഇത്തവണ മേഖലയ്ക്ക് പുറത്തേക്ക് വ്യാപിക്കും, ഞങ്ങളുടെ വിനാശകരമായ പ്രഹരങ്ങൾ നിങ്ങളെ തകർക്കും,” എന്നാണ് റവല്യൂഷണറി ഗാർഡ്സിന്റെ മുന്നറിയിപ്പ് . യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ നേരിട്ടിട്ടും ഇറാൻ ഇതുവരെ പൂർണ്ണ സൈനിക ശക്തി ഉപയോഗിച്ചിട്ടില്ലെന്ന് റെവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ പറഞ്ഞു.
“അമേരിക്കൻ-സയണിസ്റ്റ് ശത്രു… ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ട് സൈന്യങ്ങളുടെ പൂർണ്ണ ശേഷി ഉപയോഗിച്ച് ഞങ്ങൾക്കെതിരെ ആക്രമണം നടത്തിയിട്ടും, ഇസ്ലാമിക വിപ്ലവത്തിന്റെ പൂർണ്ണ ശക്തി ഞങ്ങൾ വിന്യസിച്ചിട്ടില്ലെന്ന് അറിയണം,” ഗാർഡ്സ് പറഞ്ഞു. നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ വീണ്ടും ഏറ്റുമുട്ടാനുള്ള സാധ്യതയെക്കുറിച്ച് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സൂചന നൽകി.
.യുഎസ് – ഇസ്രായേൽ- ഇറാൻ സംഘർഷം ആഴ്ചകളോളം നീണ്ടുനിന്ന പോരാട്ടത്തിന് ശേഷം ഏപ്രിൽ 8 ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തലിനെത്തുടർന്ന് താൽക്കാലികമായി അവസാനിച്ചിരിക്കുകയാണ് . അതിനിടെയാണ് ഇറാന്റെ പുതിയ പ്രസ്താവന. ദിവസങ്ങൾക്കുള്ളിൽ ശാശ്വത കരാർ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടാൽ യുഎസ് ഇറാനെതിരെ സൈനിക ആക്രമണങ്ങൾ പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ സൂചിപ്പിച്ചിരുന്നു.

