ന്യൂഡൽഹി : രാജ്യത്തുടനീളം ട്രെയിനുകൾക്ക് തീപിടിക്കുന്ന സംഭവത്തിൽ അട്ടിമറി ഉണ്ടെന്ന് സംശയിക്കുന്നതായി റെയിൽ വേ അധികൃതർ. സംഭവങ്ങൾ ആകസ്മികമല്ലെന്നും സാമൂഹിക വിരുദ്ധരുടെ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്നുമാണ് റെയിൽവേ അതോറിറ്റി ഔദ്യോഗിക പ്രസ്താവനയിൽ സൂചിപ്പിക്കുന്നത് . സാങ്കേതിക തകരാറുകളോ ഷോർട്ട് സർക്യൂട്ടുകളോ ആണ് ഈ തീപിടുത്തങ്ങൾക്ക് കാരണമെന്ന വാദം റെയിൽവേ ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞു.
അമർപുര, കോട്ട, സസാരം, ഹൗറ എന്നിവിടങ്ങളിലാണ് ട്രെയിനുകളിൽ തീപിടുത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഹൗറ റെയിൽവേ സ്റ്റേഷനിൽ മിഥില എക്സ്പ്രസ്സിൽ ഉണ്ടായ ഏറ്റവും പുതിയ തീപിടുത്തത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ കോച്ചിനുള്ളിൽ നിന്ന് പെട്രോളിൽ മുക്കിയ പകുതി കത്തിയ തുണി കണ്ടെടുത്തതായി റെയിൽവേ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. റെയിൽവേ ജീവനക്കാരുടെ കൃത്യമായ ഇടപെടലിൽ ഒഴിവായത് വലിയ ദുരന്തമാണ്.
റെയിൽവേ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാനും യാത്രക്കാരുടെ സുരക്ഷയെ തടസ്സപ്പെടുത്താനും ചിലർ ശ്രമിക്കുന്നതായി സൂചനകളുണ്ട് . “ചില സാമൂഹിക വിരുദ്ധർ യാത്രക്കാരുടെ സുരക്ഷയെ അപകടപ്പെടുത്താനും റെയിൽവേ സംവിധാനത്തിനുള്ളിൽ ഭയവും ക്രമക്കേടും വിതയ്ക്കാനും ശ്രമിക്കുന്നതായി പ്രാഥമിക സാഹചര്യങ്ങൾ സൂചിപ്പിക്കുന്നു. റെയിൽവേ സംരക്ഷണ സേനയും (ആർപിഎഫ്) ബന്ധപ്പെട്ട ഏജൻസികളും ഈ കാര്യങ്ങളെല്ലാം ഗൗരവമായി അന്വേഷിക്കുന്നുണ്ട്,” റെയിൽവേ അധികൃതർ വ്യക്തമാക്കി.
മെയ് 17 ന് തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിൽ ഉണ്ടായ തീപിടുത്തവും ട്രെയിനിന് തീയിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് റെയിൽവേ പറയുന്നു. രാജധാനി എക്സ്പ്രസിലെ തീ ഉയർന്നത് കോച്ചിന്റെ ബാത്ത്റൂം ഏരിയയിലാണ് . മധ്യപ്രദേശിലെ രത്ലം ജില്ലയിൽ കോട്ട ഡിവിഷനിലെ ലുനി റിച്ചയ്ക്കും .
രാജസ്ഥാനിലെ അമരാപുര സ്റ്റേഷന് സമീപം ട്രെയിനിലെ കിടക്കയിലാണ് തീ പടർന്നത്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 139 എന്ന റെയിൽവേ ഹെൽപ്പ്ലൈൻ നമ്പറിൽ അറിയിക്കണമെന്നും റെയിൽവേ അഭ്യർത്ഥിച്ചു.

