ന്യൂഡൽഹി: മഗ്ഡേബർഗിലെ ക്രിസ്മസ് വിപണിയിലേക്ക് അക്രമി കാർ ഓടിച്ച് കയറ്റിയ സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ആക്രമണം ഭീകരവും വിവേകശൂന്യവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 5 ആയി. മരിച്ചവരിൽ ഒൻപത് വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. പരിക്കേറ്റവരുടെ എണ്ണം ഇരുന്നൂറിലേറെയാണെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
മഗ്ഡേബർഗിലെ ജനനിബിഡമായ ക്രിസ്മസ് വിപണിയിലേക്ക് വെള്ളിയാഴ്ചയാണ് സൗദി പൗരനായ ഡോക്ടർ കറുത്ത ബി എം ഡബ്ലിയു കാർ ഓടിച്ച് കയറ്റിയത്. സംഭവം മനപ്പൂർവ്വമാണെന്ന് കണ്ടെത്തിയ ജർമ്മൻ പോലീസ് നിമിഷങ്ങൾക്കകം അക്രമിയായ അൻപത് വയസ്സുകാരൻ ഡോക്ടർ തയ്യിബിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഭീകരവാദം, ലഹരിക്കടത്ത്, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾക്ക് സൗദി അറേബ്യയിൽ കേസുകൾ നിലവിലുണ്ട്. മിഡിൽ ഈസ്റ്റിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്ക് പെൺകുട്ടികളെ കടത്തുന്ന സംഘത്തിലും പ്രധാന കണ്ണിയാണ് തയ്യിബ്.
ജർമ്മനിയിലെ മഗ്ഡേബർഗിലെ ക്രിസ്മസ് വിപണിയുടെ നേർക്ക് ഉണ്ടായ വിവേകശൂന്യമായ ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിക്കുകയാണെന്ന് ഇന്ത്യ അറിയിച്ചു. വിലയേറിയ പല ജീവനുകളും നഷ്ടമാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രാർത്ഥനകളും മനസ്സാക്ഷിയും ഇരകൾക്കൊപ്പമാണ്. സംഭവത്തിൽ പരിക്കേറ്റ ഇന്ത്യക്കാരുമായും അവരുടെ കുടുംബാംഗങ്ങളുമായി ഇന്ത്യൻ നയതന്ത്ര കാര്യാലയം നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. അവർക്ക് സാദ്ധ്യമായ എല്ലാ പിന്തുണയും രാജ്യം വാഗ്ദാനം ചെയ്യുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിൽ 7 ഇന്ത്യക്കാർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ മൂന്ന് പേർ ആശുപത്രി വിട്ടു. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് പ്രാഥമിക വിവരം.