വടക്കൻ ലണ്ടനിലെ ബില്യണയേഴ്സ് റോ എന്നറിയപ്പെടുന്ന തെരുവ് ആഡംബര വീടുകൾക്ക് പ്രശംസ്തമാണ് . ഈ വീടുകൾക്ക് പിന്നിൽ ടെഹ്റാൻ മുതൽ ദുബായ്, ഫ്രാങ്ക്ഫർട്ട് വരെ വ്യാപിച്ചുകിടക്കുന്ന ഒരു വമ്പൻ ശൃംഖലയുണ്ട്. ഈ വീടുകളുടെ യഥാർത്ഥ ഉടമസ്ഥാവകാശം ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമേനിയുടെ മകനും മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തനുമായ മൊജ്തബ ഖമേനിയ്ക്കാണ്.
56 വയസ്സുള്ള പുരോഹിതനായ മൊജ്തബ ഖമേനി, ഷിപ്പിംഗ് ബിസിനസിൽ വൻ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്വിസ് ബാങ്ക് അക്കൗണ്ടുകളിളും ഗണ്യമായ നിക്ഷേപം അദ്ദേഹത്തിനുണ്ട്. ബ്രിട്ടനിൽ മാത്രം 138 മില്യൺ ഡോളറിലധികം മൂല്യമുള്ള ആസ്തികൾക്ക് അധിപനാണ് മൊജ്തബ ഖമേനി. 2019 ൽ യുഎസ് ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും പാശ്ചാത്യ വിപണികളിലേക്ക് കോടിക്കണക്കിന് ഡോളർ കൈമാറാൻ മൊജ്തബ ഖമേനിയ്ക്ക് അനുവാദമുണ്ടായിരുന്നു.
ലണ്ടനിലെ ഏറ്റവും എക്സ്ക്ലൂസീവ് ഏരിയകളിലെ പ്രൈം റിയൽ എസ്റ്റേറ്റ് മൊജ്തബയ്ക്ക് സ്വന്തമാണ് . 2014 ൽ 33.7 ദശലക്ഷം യൂറോ വിലയ്ക്ക് വാങ്ങിയ വീട് , ദുബായിലെ ബെവർലി ഹിൽസ് പ്രദേശത്തെ വില്ല, ഫ്രാങ്ക്ഫർട്ട് മുതൽ മല്ലോർക്ക വരെയുള്ള ആഡംബര യൂറോപ്യൻ ഹോട്ടലുകളുടെ ശൃംഖല എന്നിവ മൊജ്തബയുടെ സ്വത്തിൽ ഉൾപ്പെടുന്നു.
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഈ ഇടപാടുകൾക്കുള്ള പണം ബ്രിട്ടൻ, സ്വിറ്റ്സർലൻഡ്, ലിച്ചെൻസ്റ്റീൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് എത്തിച്ചത്. പ്രധാനമായും ഇറാനിയൻ എണ്ണ വിൽപ്പനയിൽ നിന്നാണ് ഇത് ലഭിച്ചത്.ബിനാമിയായ ഇറാനിയൻ ബിസിനസുകാരനായ അലി അൻസാരിയുടെ പേരിലാണ് പല സ്വത്തുക്കളും ഖമേനി വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നും യുഎസ് മാധ്യമങ്ങൾ പറയുന്നു. .

