ധാക്ക ; അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഉടൻ തന്നെ തൻ്റെ അനുജത്തി ഷെയ്ഖ് രഹനയെയും തന്നെയും കൊലപ്പെടുത്താൻ നീക്കമുണ്ടായിരുന്നതായി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന . ബംഗ്ലാദേശ് അവാമി ലീഗ് പാർട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലാണ് ഷെയ്ഖ് ഹസീനയുടെ ഈ ഓഡിയോ സന്ദേശം പോസ്റ്റ് ചെയ്തത്.
‘ എനിക്കും രഹനയ്ക്കും അവരുടെ ഗൂഢാലോചനയുടെ ഇരകളാകാൻ കഴിയില്ല. . ഞങ്ങൾ രക്ഷപ്പെട്ടു, 20-25 മിനിറ്റ് കൂടി അവിടെ നിന്നിരുന്നെങ്കിൽ, ഞങ്ങൾക്ക് എന്തും സംഭവിക്കുമായിരുന്നു.‘ എന്നും ഷെയ്ഖ് ഹസീന പറഞ്ഞു. താൻ രക്ഷപ്പെട്ടത് അല്ലാഹുവിൻ്റെ ഹിതമാണെന്നും ഹസീന ഓഡിയോയിൽ പറഞ്ഞു. തന്നെ കൊല്ലാനുള്ള ഗൂഢാലോചന ഒന്നല്ല, പലതവണ നടന്നിട്ടുണ്ട് . . ആഗസ്ത് 21ന് നടന്ന ഗ്രനേഡ് ആക്രമണത്തിനും ബോംബ് സ്ഫോടന ഗൂഢാലോചനയ്ക്കും ശേഷവും അപകടാവസ്ഥയിലായിരുന്നുവെന്നും അവർ പറഞ്ഞു.
2024 ആഗസ്റ്റിൽ രാജ്യവ്യാപകമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആഴ്ചകൾ നീണ്ട പ്രതിഷേധങ്ങളും, സംഘർഷങ്ങളും ഉണ്ടായി. പിന്നീട് നടന്ന കലാപങ്ങൾക്കൊടുവിലാണ് ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയത് . ബംഗ്ലാദേശിൽ നടന്ന ആക്രമണത്തിൽ 600ലധികം പേർ കൊല്ലപ്പെട്ടിരുന്നു.