കൊളംബോ ; അഴിമതിക്കേസിൽ ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ . സർക്കാർ പണം സ്വകാര്യ യാത്രകൾക്കായി ഉപയോഗിച്ചതായി കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. 2023 സെപ്റ്റംബറിൽ ബ്രിട്ടീഷ് സർവകലാശാലയിൽ ഭാര്യയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോയ ചിലവിനെ കുറിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് വിക്രമസിംഗെയെ കസ്റ്റഡിയിലെടുത്തത് .
കൊളംബോ ഫോർട്ട് മജിസ്ട്രേറ്റിന് മുന്നിൽ അദ്ദേഹത്തെ ഹാജരാക്കുമെന്ന് അധികൃതർ പറഞ്ഞു . രാജ്യത്തിന്റെ വിഭവങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിന് വിക്രമസിംഗെയ്ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
2023-ൽ ഹവാനയിൽ ജി-77 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെ റനിൽ വിക്രമസിംഗെ ലണ്ടനിൽ തങ്ങി. വോൾവർഹാംപ്ടൺ സർവകലാശാലയിൽ നടന്ന ഒരു ചടങ്ങിൽ വിക്രമസിംഗെയും ഭാര്യ മൈത്രിയും പങ്കെടുത്തു. തന്റെ യാത്രയുടെ ചെലവുകൾ ഭാര്യ തന്നെയാണ് വഹിച്ചതെന്നും അതിൽ സർക്കാർ പണം ഉപയോഗിച്ചിട്ടില്ലെന്നും വിക്രമസിംഗെ പറഞ്ഞിരുന്നു.
എന്നാൽ വിക്രമസിംഗെ സർക്കാർ പണം സ്വകാര്യ യാത്രകൾക്കായി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി . റനിൽ വിക്രമസിംഗെയുടെ അംഗരക്ഷകനും സർക്കാർ ട്രഷറിയിൽ നിന്നാണ് ശമ്പളം നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഈ വിഷയത്തിൽ മൊഴി രേഖപ്പെടുത്താൻ വിക്രമസിംഗെ സിഐഡി ഓഫീസിൽ എത്തിയപ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
2022 ജൂലൈയിലാണ് വിക്രമസിംഗെ പ്രസിഡന്റായി അധികാരമേറ്റത്. അഴിമതി ആരോപണങ്ങളിൽ രാജപക്സെയ്ക്കെതിരെ ശ്രീലങ്കയിലുടനീളം പ്രതിഷേധങ്ങൾ ഉയർന്നിരുന്നു . അതിനു പിന്നാലെ രാജപക്സെയ്ക്ക് രാജിവയ്ക്കേണ്ടിവന്നു. 2022 ൽ ശ്രീലങ്ക കണ്ട ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കിയതിന്റെ ബഹുമതി വിക്രമസിംഗെയ്ക്കുണ്ട് . എന്നാൽ സെപ്റ്റംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു.

