വാഷിംഗ്ടൺ : 1971-ലെ ഓപ്പറേഷൻ സെർച്ച്ലൈറ്റിനിടെ ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണമെന്ന് യുഎസ് നിയമസഭാംഗം ഗ്രെഗ് ലാൻഡ്സ്മാൻ . ഈ ആക്രമണങ്ങൾ യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിങ്ങനെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഒഹായോയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗമായ ഗ്രെഗ് ലാൻഡ്സ്മാൻ അവതരിപ്പിച്ചു. വെള്ളിയാഴ്ച യുഎസ് പ്രതിനിധി സഭയിൽ അവതരിപ്പിച്ച പ്രമേയം ഇപ്പോൾ വിദേശകാര്യ കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്.
1971 മാർച്ച് 25 ന് ബംഗ്ലാദേശിലെ (അന്ന് കിഴക്കൻ പാകിസ്ഥാൻ) ജനങ്ങൾക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തിയ അതിക്രമങ്ങളെ യുഎസ് പ്രതിനിധി സഭ അപലപിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു. പാകിസ്ഥാൻ സൈന്യവും ജമാഅത്ത്-ഇ-ഇസ്ലാമി പോലുള്ള ഇസ്ലാമിക മതമൗലികവാദ സംഘടനകളും മതമോ ലിംഗഭേദമോ പരിഗണിക്കാതെ വംശീയ ബംഗാളികളെ കൊന്നൊടുക്കിയതായി അതിൽ പറയുന്നു. മതമൗലികവാദികൾ രാഷ്ട്രീയക്കാർ, ബുദ്ധിജീവികൾ, ഡോക്ടർമാർ, അഭിഭാഷകർ, വിദ്യാർത്ഥികൾ എന്നിവരെ ലക്ഷ്യം വച്ചു. ആയിരക്കണക്കിന് സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്തു.
ബംഗ്ലാദേശി ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്ക് പ്രമേയം പ്രത്യേക ഊന്നൽ നൽകുന്നു. ഹിന്ദുക്കൾ കൂട്ടക്കൊലകൾക്കും, ബലാത്സംഗത്തിനും, നിർബന്ധിത മതപരിവർത്തനത്തിനുമിരയായെന്നും, ആയിരക്കണക്കിന് ആളുകളെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനും പോലും വിധേയരായിട്ടുണ്ടെന്നും പ്രമേയത്തിൽ പറയുന്നു. ഈ സംഭവങ്ങളെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ, വംശഹത്യ എന്നിവയായി യുഎസ് സർക്കാരും പ്രസിഡന്റും അംഗീകരിക്കണമെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ആവശ്യപ്പെടുന്നു
1970-ൽ കിഴക്കൻ പാകിസ്ഥാനിൽ (ഇപ്പോൾ ബംഗ്ലാദേശ്) പൊതുതെരഞ്ഞെടുപ്പ് നടന്നു. ഷെയ്ഖ് മുജിബുർ റഹ്മാന്റെ അവാമി ലീഗ് വൻ വിജയം നേടി. എന്നിരുന്നാലും, അന്നത്തെ പാകിസ്ഥാൻ പ്രസിഡന്റുമാരായ യഹ്യാ ഖാനും സുൽഫിക്കർ അലി ഭൂട്ടോയും ഇത് അംഗീകരിച്ചില്ല. 1971 മാർച്ച് 25-ന് രാത്രി, ഷെയ്ഖ് മുജിബുർ റഹ്മാൻ അറസ്റ്റിലായി, പാകിസ്ഥാൻ സൈന്യം ഓപ്പറേഷൻ സെർച്ച്ലൈറ്റ് ആരംഭിച്ചു, ജമാഅത്തെ-ഇ-ഇസ്ലാമിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഈ അടിച്ചമർത്തൽ കാമ്പെയ്ൻ.തുടക്കത്തിൽ അവാമി ലീഗ് അനുഭാവികളായിരുന്നു ലക്ഷ്യമെങ്കിൽ, അക്രമം താമസിയാതെ ന്യൂനപക്ഷങ്ങളിലേക്ക്, പ്രത്യേകിച്ച് ഹിന്ദുക്കളിലേക്ക് പടർന്നു. ഒമ്പത് മാസം നീണ്ടുനിന്ന ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഏകദേശം 3 ദശലക്ഷം ആളുകൾ കൊല്ലപ്പെടുകയും ഏകദേശം 400,000 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു.

