ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് സുപ്രഭ ഭവനിൽ ബസന്തിന്റെയും മിനിയുടെയും മകൾ സവാരിയ ബസന്ത് (22) ആണ് മരിച്ചത്.
തലയ്ക്ക് ലാപ്ടോപ്പ് കൊണ്ടുള്ള അടിയേറ്റാണ് സവാരിയ കൊല്ലപ്പെട്ടത്. സംഭവത്തിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സദാറുൽ അനാം (23) എന്ന സഹപാഠിയെ ഉസ്ബെക്കിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായിരുന്നു. അതേസമയം പ്രതിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സവാരിയയുടെ കുടുംബം മുന്നോട്ട് വന്നിട്ടുണ്ട്.
‘ഹോസ്റ്റലിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് താമസിക്കുകയാണ് . ഹോസ്റ്റലിൽ 16,000 വിദ്യാർത്ഥികളുണ്ട്, അവിടെ സൗകര്യങ്ങൾ വളരെ മോശമാണ്. സദാറുൽ അനാം സവാരിയയെ വളരെ ക്രൂരമായി ആക്രമിച്ചു. തല മുതൽ കാൽ വരെ ചതവുകൾ ഉണ്ടായിരുന്നു. ലാപ്ടോപ്പ് ഉപയോഗിച്ചുള്ള ഒറ്റ അടികൊണ്ടല്ല സവാരിയ കൊല്ലപ്പെട്ടത്. അനാം പെൺകുട്ടിയെ മതപരിവർത്തനത്തിന് നിർബന്ധിക്കുകയായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. സഹപാഠികൾ ഇതിന് ദൃക്സാക്ഷികളാണ്, അവർ അവിടെയുള്ള അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. കൊലപാതകത്തിന്റെ കൃത്യമായ കാരണം അറിയില്ല.
ശരീരത്തിൽ പരിക്കേൽക്കാത്ത ഒരു ഭാഗവുമില്ല. കുട്ടിയെ ഇത്ര ക്രൂരമായി മർദ്ദിച്ചു. വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകാൻ തീരുമാനമെടുത്തിട്ടുണ്ട്. പ്രതിയുടെ മാതാപിതാക്കൾ സർക്കാർ ജീവനക്കാരാണ്. സഹോദരൻ ഡോക്ടറാണ്. ഉസ്ബെക്കിസ്ഥാനിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൽ തലയ്ക്ക് പരിക്കേറ്റതായി മാത്രമേ പരാമർശിക്കുന്നുള്ളൂ. അവളുടെ ശരീരത്തിലെ ചതവുകളൊന്നും പരാമർശിക്കുന്നില്ല. 20 ദിവസത്തിന് ശേഷം മാത്രമേ അവിടെ നിന്ന് വിശദമായ റിപ്പോർട്ട് ലഭിക്കൂ,’ സവാരിയയുടെ ബന്ധുക്കൾ പറഞ്ഞു.

