ന്യൂഡൽഹി : ഡൽഹി കലാപക്കേസിൽ വിദ്യാർത്ഥി ആക്ടിവിസ്റ്റ് ഉമർ ഖാലിദിന് ജാമ്യം . അമ്മയുടെ ശസ്ത്രക്രിയ സംബന്ധമായ ആവശ്യവും, മാതൃസഹോദരന്റെ മരണാനന്തര ചടങ്ങും ചൂണ്ടിക്കാട്ടിയാണ് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ പ്രതിഭ എം സിംഗ് , മധു ജെയ്ൻ എന്നിവരടങ്ങിയ ഇടക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഉമർ ഖാലിദ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ജാമ്യം അനുവദിച്ചത് . രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ജൂൺ 1 മുതൽ ജൂൺ 3 വരെ ഉമർ ഖാലിദ് ജാമ്യത്തിലിറങ്ങും. കുടുംബാംഗത്തിന്റെ മരണത്തിന് 40 ദിവസത്തിന് ശേഷം ആചരിക്കുന്ന ചടങ്ങുകളിലും പങ്കെടുക്കും.
2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതിയാണ് ഉമർ ഖാലിദ് . വിചാരണ കോടതിയിൽ 15 ദിവസത്തേക്കാണ് ഉമർ ഖാലിദ് ജാമ്യം ആവശ്യപ്പെട്ടത്. വിചാരണ കോടതിയിൽ സമർപ്പിച്ച ഹർജി പ്രകാരം, അദ്ദേഹത്തിന്റെ അമ്മാവൻ ഖുർഷിദ് അഹമ്മദ് ഖാൻ ഏപ്രിൽ 10 ന് മരിച്ചു, മെയ് 24 ന് ഡൽഹിയിൽ മരണാനന്തര ചടങ്ങ് നടത്താൻ തീരുമാനിച്ചിരുന്നു. തന്റെ അമ്മയ്ക്ക് അസുഖമുണ്ടെന്നും ജൂൺ 2 ന് മുഴ നീക്കം ചെയ്യൽ ശസ്ത്രക്രിയ നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഉമർ ഖാലിദ് കോടതിയെ അറിയിച്ചു.
അഞ്ച് സഹോദരിമാരും, പിതാവും അടങ്ങുന്ന കുടുംബമാണെങ്കിലും, 71 വയസ്സുള്ള പിതാവിന് അമ്മയെ പരിപാലിക്കാൻ കഴിയാത്തതിനാലും, സഹോദരിമാർ വിവാഹശേഷം അകലെ താമസിക്കുന്നതിനാലും അമ്മയുടെ ശസ്ത്രക്രിയ ശേഷം പരിപാലിക്കാൻ താൻ വേണമെന്ന് ഉമർ ഖാലിദ് ഹർജിയിൽ പറയുന്നു. കുടുംബത്തിലെ മൂത്ത മകനും ഏക മകനുമായതിനാൽ, ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും അമ്മയെ സഹായിക്കേണ്ടതുണ്ടെന്നും ഖാലിദ് ഹർജിയിൽ പറഞ്ഞിരുന്നു.
എന്നാൽ അമ്മാവന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് ഉമർ ഖാലിദിനോട് കർക്കാർഡൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്പായ് പറഞ്ഞത് . മാത്രമല്ല ഖാലിദിന്റെ അമ്മയെ പരിപാലിക്കാൻ കഴിയുന്ന ഒന്നിലധികം കുടുംബാംഗങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ, സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഡൽഹി കോടതി ഖാലിദിന് 14 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സഞ്ചാര നിയന്ത്രണങ്ങളും സോഷ്യൽ മീഡിയ ഉപയോഗവും ഉൾപ്പെടെയുള്ള വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് അന്ന് ജാമ്യം നൽകിയത്. 2022 ലും 2024 ലും ഹ്രസ്വകാലത്തേക്ക് ഉൾപ്പെടെ നിരവധി തവണ ഇടക്കാല ജാമ്യവും ലഭിച്ചിട്ടുണ്ട്.
2020-ൽ പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായ പ്രതിഷേധത്തിനിടെ ഗൂഢാലോചന നടത്തിയെന്നാണ് ഉമർ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇത് ഡൽഹി കലാപത്തിലേക്ക് നയിച്ചു. കലാപത്തിൽ 15 ഹിന്ദുക്കൾ ഉൾപ്പെടെ അമ്പത്തിമൂന്ന് പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.സർക്കാരിനെ അസ്ഥിരപ്പെടുത്താനും സാമ്പത്തിക നാശനഷ്ടങ്ങൾ വരുത്താനും ലക്ഷ്യമിട്ടുള്ള പാൻ-ഇന്ത്യൻ ഗൂഢാലോചനയാണിതെന്ന് പോലീസ് പറഞ്ഞിരുന്നു.

