ചെന്നൈ : ഹിന്ദുമതത്തോടും, വിശ്വാസികളോടും എന്നും അകൽച്ച കാട്ടിയിട്ടുള്ള തമിഴ് നാട് മുഖ്യമന്ത്രിയാണ് എം കെ സ്റ്റാലിൻ. തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാനുള്ള കോടതി ഉത്തരവ് പോലും സ്റ്റാലിൻ തള്ളിക്കളഞ്ഞിരുന്നു. പിതാവിൽ നിന്ന് ഒട്ടും വ്യത്യസ്തനല്ല മകൻ ഉദയനിധി സ്റ്റാലിനും. സനാതനധർമ്മം എന്നത് പകർച്ചവ്യാധി പോലെ ഇല്ലാതാക്കേണ്ടതാണെന്ന് വ്യക്തമായി പറഞ്ഞ ഉപമുഖ്യമന്ത്രിയായിരുന്നു ഉദയനിധി. ഇത്തരം പരാമർശങ്ങളാണ് ഡി എംകെയെ തകർച്ചയിലേയ്ക്ക് തള്ളിവിട്ടതും.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സ്റ്റാലിൻ പരാജയപ്പെട്ടപ്പോൾ മകൻ ഉദയനിധി വിജയം കണ്ടു . സനാതനധർമ്മത്തെ ഇല്ലാതാക്കണം എന്ന പതിവ് പല്ലവി പുതിയ മുഖ്യമന്ത്രി വിജയ്ക്ക് മുന്നിലും ആവർത്തിച്ചിരിക്കുകയാണ് ഉദയനിധി. ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനായ കെ അണ്ണാമലൈയാകട്ടെ പരസ്യമായ വെല്ലുവിളിയും നടത്തിയിട്ടുണ്ട്. ഉദയനിധി ആദ്യം ക്ഷേത്രങ്ങളിൽ പോകുന്ന സ്വന്തം അമ്മയെ തടയൂ എന്നാണ് അണ്ണാമലൈ പറയുന്നത് . ഇതോടെ സ്റ്റാലിന്റെ ഭാര്യയും, ഉദയനിധിയുടെ അമ്മയുമായ ദുർഗയുടെ വിശ്വാസങ്ങളാണ് ചർച്ചയാകുന്നത്.
ദിവസവും ക്ഷേത്രദർശനം നടത്തുന്നയാളാണ് ദുർഗാസ്റ്റാലിൻ. ഗോപാലപുരത്തെ വീടിനു മുന്നിലെ കൃഷ്ണക്ഷേത്രത്തിലാണ് എല്ലാ ദിവസവും രാവിലെ ദുർഗ ദർശനം നടത്തുന്നത്. വിശ്വാസിയായ തനിക്ക് വേണ്ടി മാത്രമല്ല അവിശ്വാസികളായ ഭർത്താവിനും, മകനും വേണ്ടി നേർച്ചകളും ദുർഗ നടത്താറുണ്ട്. രണ്ട് വർഷം മുൻപ് ഗുരുവായൂർ കണ്ണന് 36 ലക്ഷം രൂപയുടെ സ്വർണ്ണക്കിരീടമാണ് ദുർഗ നേർച്ചയായി സമർപ്പിച്ചത്.
സ്വന്തം വീട്ടിൽ ദുർഗ ഒരുക്കിയിരിക്കുന്നത് തമിഴ്നാട്ടിലെ തന്നെ ഏറ്റവും മികച്ച പൂജാമുറിയാണെന്നാണ് തമിഴ് മാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നത് . പുറത്ത് പോകുമ്പോൾ സ്റ്റാലിൻ പൂജാമുറിയിൽ എത്താറുണ്ടെന്നും , സായിബാബ ഗോപാലപുരത്തെ വീട്ടിൽ വന്നിട്ടുണ്ടെന്നും സ്റ്റാലിന്റെ ഭാര്യ ദുർഗ മുൻപ് പറഞ്ഞിട്ടുണ്ട്. വീട്ടിലെ ആണുങ്ങൾ പുറത്തിറങ്ങുന്നതിന് മുൻപ് പൂജാമുറിലെ ഭണ്ഡാരത്തിൽ പണമിടും. കലൈഞ്ജർ കാലം മുതലുള്ള പതിവാണ്. ഇന്നും ആരും തെറ്റിക്കാറില്ല. അംബാനി വീട്ടിൽ നിന്ന് ലഭിച്ഛ ഗായത്രി വിഗ്രഹം സ്റ്റാലിൻ തന്നെയാണ് പൂജാമുറിയിൽ വയ്ക്കാനായി കൊണ്ടു തന്നതെന്നും ദുർഗ പറഞ്ഞിരുന്നു.
മുത്തുവേൽ കരുണാനിധി സ്റ്റാലിന്റേ കുലദൈവം ആണ്ടാളമ്മനാണ് .വ്യത്യസ്ത ദേവീഭാവങ്ങളും പിള്ളയാറും ശ്രീകൃഷ്ണനും ശ്രീരാമനും കാശി അന്നപൂർണ്ണേശ്വരിയും ദക്ഷിണാമൂർത്തിയും ഷിർദി സായിബാബയും എല്ലാമുണ്ട് സ്റ്റാലിന്റെ വീട്ടിലെ പൂജാമുറിയിൽ. വിളക്കുകളും പൂജാപീഠവും വെള്ളിയിൽ തീർത്തവയാണ് .ഗണപതി , പെരുമാൾ ,സരസ്വതി വിഗ്രഹങ്ങൾ ഒക്കെ വയ്ക്കാൻ വേണ്ടി പ്രത്യേകം ചെയ്തതാണ് പൂജാമുറി . ചൊവ്വാഴ്ച്ച സ്കന്ദ ഷഷ്ഠി കവചം, തിങ്കളാഴ്ച്ച ശിവപുരാണം, വ്യാഴാഴ്ച്ച വിഷ്ണു സഹസ്രനാമം, മറ്റു ദിവസങ്ങളിൽ ലളിതാ സഹസ്രനാമം എന്നിവയുടെ പാരായണം ഉണ്ടാകും.
പൂജാമുറിയിലെ പ്രത്യേക വരാഹി രൂപം ഇലക്ഷൻ സമയത്ത് വച്ചതാണ് . അംഗാളമ്മനോടാണ് സ്റ്റാലിന് വേണ്ടി പ്രാർത്ഥിക്കുന്നതും . തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പലരും മുരുകൻ വേൽ നൽകിയിരുന്നു . തിരുത്തണിയിൽവച്ച് പൂജിച്ച വേലും നാമക്കൽ ഹനുമാന്റെ ഗദയും പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട് . പുറത്ത് പോകുമ്പോഴും സ്റ്റാലിൻ പൂജാമുറിയിൽ വന്ന് വിഗ്രഹങ്ങളിൽ നിന്ന് പൂ എടുത്ത് കൈയ്യിൽ വയ്ക്കാറുമുണ്ട് . മകൻ ഉദയനിധിയും ഈ രീതി ഇതുവരെ തെറ്റിച്ചിട്ടില്ലെന്ന് ദുർഗ പറയുന്നു.ഇത്രയേറെ ആചാരങ്ങൾ വീട്ടിൽ വച്ചു പുലർത്തുന്ന കുടുംബത്തിൽ ജനിച്ച ഉദയനിധി എന്തിന് വേണ്ടിയാണ് വിശ്വാസങ്ങളെ തള്ളിപ്പറയുന്നതെന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്.

