ആദ്യത്തെ എയർബസ് സി-295 സൈനിക ഗതാഗത വിമാനം പൂർത്തിയാക്കി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് . ഗുജറാത്തിലെ വഡോദരയിലുള്ള നിർമ്മാണ പ്ലാന്റിലാണ് സൈനിക ഗതാഗത വിമാനം സജ്ജമാക്കിയത് . ഇന്ത്യയിൽ സ്വകാര്യ സ്ഥാപനം പൂർണ്ണ സൈനിക വിമാനം വിജയകരമായി നിർമ്മിക്കുന്നത് ഇതാദ്യമാണ്.
‘മെയ്ക്ക് ഇൻ ഇന്ത്യ’ കാമ്പെയ്നുകൾക്ക് ഗണ്യമായ ഉത്തേജനം നൽകുന്നതാണ് ഈ നേട്ടം . നൂതന പ്രതിരോധ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ സ്വകാര്യ സ്ഥാപനങ്ങൾ മികച്ച മുന്നേറ്റം കൈവരിക്കുന്നതിന് ഉദാഹരണമാണിത്. 2021-ൽ കേന്ദ്ര സർക്കാരും എയർബസ് ഡിഫൻസ് ആൻഡ് സ്പേസും തമ്മിൽ അന്തിമമാക്കിയ 21,935 കോടി രൂപയുടെ കരാറിനെ തുടർന്നാണ് ഗുജറാത്തിലെ നിർമ്മാണ പ്ലാന്റ് നിർമ്മിച്ചത്. 2022 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്ലാന്റിന് ശിലാസ്ഥാപനം നടത്തിയത്.
9,000 കിലോഗ്രാമിൽ കൂടുതൽ അല്ലെങ്കിൽ 71 പേരെ വഹിക്കാൻ ശേഷിയുള്ള മീഡിയം ടാക്റ്റിക്കൽ എയർലിഫ്റ്ററാണ് C-295. സൈനികരെയും ചരക്കുകളെയും കൊണ്ടുപോകുന്നത് മുതൽ മെഡിക്കൽ ദൗത്യങ്ങൾ , ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, എന്നിവ നിർവ്വഹിക്കുന്നതിനു വരെയുള്ള വൈവിധ്യമാർന്ന സേവനങ്ങൾക്ക് അനുയോജ്യമാകും വിധമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
IAF-ന് പുറമേ, ഇന്ത്യൻ നാവികസേനയ്ക്കും, കോസ്റ്റ് ഗാർഡിനും സമുദ്ര നിരീക്ഷണങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താം .2021-ലെ കരാർ പ്രകാരം, ആകെ 56 വിമാനങ്ങൾ പ്രതിരോധ മന്ത്രാലയത്തിന് കൈമാറും.

