ലക്നൗ : അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ മോഷ്ടിക്കപ്പെട്ടുവെന്ന ആരോപണത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
അയോധ്യ രാമക്ഷേത്രത്തിൽ സംഭാവനകളായി ലഭിക്കുന്ന പണം മോഷ്ടിക്കപ്പെട്ടുവെന്ന ആരോപണം സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് ആദ്യം ഉന്നയിച്ചത്. പിന്നാലെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കണ്ടെടുക്കുകയും ചെയ്തു. ജൂൺ ആദ്യമാണ് അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് നടത്തിയ ഓഡിറ്റിനിടെ സംഭാവനകൾ ലഭിക്കുന്ന ബോക്സിനുള്ളിൽ നിന്ന് പണവും, മറ്റ് വിലപിടിച്ച വസ്തുക്കളും മോഷണം പോയതായി കണ്ടെത്തിയത്. തുടർന്ന് ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിരുന്ന ക്യാമറകൾ പരിശോധനയ്ക്ക് വിധേയമാക്കി. ദൃശ്യങ്ങളിൽ ഒരു ജീവനക്കാരനെ പെരുമാറ്റം സംശയത്തിനിടയാക്കി. തുടർന്നാണ് രഹസ്യമായി പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിനിടെ വഴിപാടുകൾ എണ്ണാൻ ചുമതലപ്പെടുത്തിയ ജീവനക്കാരനായ ലവ് കുശ് മിശ്രയുടെ വീട്ടിൽ നിന്ന് 10 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. പണത്തിന്റെ ഒരു ഭാഗം വീട്ടിലെവാർഡ്രോബിൽ നിന്നും , ഒരു ഭാഗം ചാണകക്കൂമ്പാരത്തിൽ പൂഴ്ത്തി വച്ച നിലയിലുമാണ് കണ്ടെത്തിയത്. ഈ പണത്തെ കുറിച്ചുള്ള അന്വേഷണങ്ങളും നടക്കുകയാണ്. കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു ജീവനക്കാരനെയും ചോദ്യം ചെയ്യുന്നുണ്ട്.
ക്ഷേത്രത്തിൽ വഴിപാടുകളായി ലഭിക്കുന്ന പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ചുമതലയുള്ള ഇവർക്ക് 18000 രൂപയായിരുന്നു ശമ്പളമായി നൽകിയിരുന്നത്.എന്നാൽ അടുത്തിടെ ഇവരുടെ സ്വത്തിൽ ഉണ്ടായ വർധനവാണ് സംശയത്തിനിടയാക്കിയത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഒരു ജീവനക്കാരൻ ഏകദേശം ₹1.5 കോടി വിലവരുന്ന ഭൂമി വാങ്ങി, മറ്റൊരാൾ ഏകദേശം ₹40 ലക്ഷം വിലമതിക്കുന്ന സ്ഥലവും സ്വന്തമാക്കി.
ജൂൺ 7 നാണ് ഈ വിഷയത്തിൽ അഖിലേഷ് യാദവ് യോഗി സർക്കാരിനെ ലക്ഷ്യം വച്ച് രംഗത്തെത്തിയത്. അയോധ്യയിലെ ക്ഷേത്രവഴിപാടുകളെ കുറിച്ചുളള വിവരങ്ങൾ ആശങ്കാജനകമാണെന്ന് അഖിലേഷ് പറഞ്ഞു. അതിനു പിന്നാലെ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. അതിനു പിന്നാലെ മാധ്യമപ്രവർത്തകർക്ക് മുന്നിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ പങ്കജ് ചൗധരി സംഭാവന മോഷണം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു.
അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ആർക്കെതിരെ ആയാലും സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവർ എത്ര സ്വാധീനമുള്ളവരായാലും ഒഴിവാക്കില്ല. കോടിക്കണക്കിന് ഭക്തരുടെ വിശ്വാസകേന്ദ്രമാണ് രാമക്ഷേത്രം , അതുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും സുതാര്യത ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അയോധ്യ രാമക്ഷേത്ര ട്രസ്റ്റിലെ സംഭാവനകളും, സാമ്പത്തിക മാനേജ്മ്ന്റും പരിശോധിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് എസ്ഐടി രൂപീകരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെറ്റായ വിവരങ്ങൾ തടയണമെന്നും, സത്യം പുറത്ത് കൊണ്ടുവരണമെന്നുമുള്ള ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥന മാനിച്ചാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. രാമക്ഷേത്രത്തിന്റെ പ്രതിച്ഛായ്ക്ക കളങ്കം വരുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ട്രസ്റ്റ് ആരോപിച്ചു. ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, കിരൺ ഐപിഎസ് , ധനകാര്യവകുപ്പ് സ്പെഷ്യൽ സെക്രട്ടറി നീൽ രത്തൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

