തിരുവനന്തപുരം : ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വൈസ് ചാൻസലർമാരും മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പറയുന്നത്.
ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്. കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം.- എന്നും വി ഡി സതീശൻ പറയുന്നു. കേരളസർവകലാശാല വി സി ഡോ. മോഹനൻ കുന്നുമ്മൽ, എം ജി സർവകലാശാല വി സി ഡോ. ഡി മാവൂത് എന്നിവരടക്കമാണ് ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി നടത്തിയ പ്രഭാഷണസഭയിൽ പങ്കെടുത്തത്.

