വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം 15 ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ച നടത്തും . യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ മധ്യസ്ഥത സംബന്ധിച്ച ചർച്ചയ്ക്കാണ് ഇരുവരും കാണുന്നത് . 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകൾ വീടുകൾ വിട്ട് പോയി.
ഉച്ചകോടിക്ക് മുമ്പ് ചൈനയിലെയും ഇന്ത്യയിലെയും നേതാക്കളുമായി പുടിൻ വെള്ളിയാഴ്ച കൂടിയാലോചനകൾ നടത്തി. “അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഞാനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച 2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച ഗ്രേറ്റ് സ്റ്റേറ്റായ അലാസ്കയിൽ നടക്കും,” എന്നാണ് സോഷ്യൽ മീഡിയയിൽ ട്രംപ് കുറിച്ചത് . റഷ്യ അധീനതയിലാക്കിയ ചില പ്രദേശങ്ങൾ കൈമാറ്റം ചെയ്യുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
റഷ്യയും യുക്രെയ്നും തമ്മിലുള്ള മൂന്ന് റൗണ്ട് ചർച്ചകൾ ഫലം കണ്ടിരുന്നില്ല . ഒരു ഘട്ടത്തിൽ വോളോഡിമർ സെലെൻസ്കിയുമായി ചർച്ച നടത്തുന്നതും പുടിൻ തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ മാസം ഇസ്താംബൂളിൽ നടന്ന ചർച്ചകളിൽ, റഷ്യ കടുത്ത ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു . യുക്രെയ്ൻ നിയന്ത്രിക്കുന്ന ചില പ്രദേശങ്ങളിൽ നിന്ന് പിന്മാറണമെന്നും പാശ്ചാത്യ സൈനിക പിന്തുണ ഉപേക്ഷിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിരുന്നു.
2021 ജൂണിൽ ജനീവയിൽ ജോ ബൈഡൻ പുടിനെ കണ്ടതിനുശേഷം, സിറ്റിംഗ് യുഎസ്, റഷ്യൻ പ്രസിഡന്റുമാർ തമ്മിലുള്ള ആദ്യ ഉച്ചകോടിയായിരിക്കും ഇത്.ട്രംപിന്റെ ആദ്യ ഭരണകാലത്ത് 2019 ൽ ജപ്പാനിൽ നടന്ന ജി 20 ഉച്ചകോടി യോഗത്തിലാണ് ട്രംപും പുടിനും അവസാനമായി ഒരുമിച്ച് സംസാരിച്ചത്.
അതേസമയം യുക്രെയ്ൻ അധിനിവേശം നടത്തുന്ന റഷ്യയുമായി വ്യാപാരബന്ധം പുലർത്തുന്നതിന്റെ പേരിലാണ് ഇന്ത്യയ്ക്ക് മേൽ യുഎസ് 50 ശതമാനം താരിഫ് ചുമത്തിയിരിക്കുന്നത് . യുഎസുമായുള്ള പ്രതിരോധ ഇടപാടുകളും ഇന്ത്യ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. യുഎസിൽനിന്ന് യുദ്ധ വിമാനങ്ങൾ, മിസൈലുകൾ, ബോയിങ് വിമാനങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള ചർച്ചകളാണ് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത്.മാത്രമല്ല പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ യുഎസ് യാത്രയും റദ്ദാക്കി.

