കൊൽക്കത്ത : ബംഗാളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ പുറത്താക്കപ്പെട്ട പാർട്ടി നിയമസഭാംഗം ഋതബ്രത ബാനർജിയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു. തൃണമൂൽ കോൺഗ്രസിന്റെ മുഴുവൻ കമ്മിറ്റികളും പിരിച്ചു വിട്ടതിനു പിന്നാലെയാണ് ഈ നീക്കം . ഋതബ്രത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ച് 58 ഓളം ടി എം സി എം എൽ എ മാർ നിയമസഭാ സ്പീകർ രവീന്ദ്രനാഥ് ബോസിനെ സമീപിച്ചിരുന്നു . അതിനു പിന്നാലെയാണ് മമത വിഭാഗത്തെ ഒഴിവാക്കിയത്. ശോഭൻ ദേബ് ചതോപാദ്ധ്യയയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് ബാനർജി നൽകിയ കത്ത് സ്പീക്കർ പരിഗണിച്ചില്ല. പാർട്ടി വിരുദ്ധ നീക്കം നടത്തിയെന്ന് ആരോപിച്ചാണ് ഋതബ്രത ബാനർജിയെ മമത പുറത്താക്കിയത്.
‘ പാർട്ടി അതിന്റെ ഘടനയെ ശക്തിപ്പെടുത്തുന്നതിനും, ഭാവിയിലെ വെല്ലുവിളികളെ പുതിയ വീര്യത്തോടെയും ലക്ഷ്യബോധത്തോടെയും നേരിടാൻ സജ്ജമാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ് ‘ തൃണമൂൽ എക്സിലെ പോസ്റ്റിൽ പറഞ്ഞു. മറ്റൊരു രാഷ്ട്രീയ നാടകത്തിന് വേദിയാകുയാണിപ്പോൾ ബംഗാൾ . നിയമസഭയിലെ പ്രതിപക്ഷനിര പുനസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിമത എം എൽ എ മാർ കരുനീക്കം ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി എം എൽ എ ഹോസ്റ്റലിലും, ഹോട്ടലുകളിലുമായി രഹസ്യയോഗങ്ങളും, പാർട്ടിയെ പിളർത്തി മറ്റൊരു ടിഎം സി രൂപീകരിക്കാൻ നീക്കങ്ങളും നടന്നിരുന്നു . ഋതബ്രത ബാനർജിയെ പിന്തുണയ്ക്കുന്ന എം എൽ എ മാരുടെ ഒപ്പുകൾ ശേഖരിച്ചിരുന്നു . അത് പുറത്തറിഞ്ഞതിനു പിന്നാലെയാണ് തൃണമൂൽ കമ്മിറ്റികൾ പിരിച്ചു വിട്ടത് .പോഷക സംഘടനകളും പിരിച്ചുവിട്ടതായി തൃണമൂൽ എക്സിൽ അറിയിച്ചു. എല്ലാ തലങ്ങളിലും, ആത്മപരിശോധനയും, വിലയിരുത്തലും നടത്തുമെന്നും കമ്മിറ്റികൾ പുനസംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു.

