ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചെന്ന് സ്ഥിരീകരണം . സെറ്റെബെല്ലോ വാണിജ്യ കപ്പലുമായി ആശയവിനിമയം സാധ്യമല്ലെന്നും എഫ് എസ് യു ഐ ജനറൽ സെക്രട്ടറി മനോജ് യാദവ് അറിയിച്ചു. വാണിജ്യക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ നേരത്തെ ഇന്ത്യ അപലപിച്ചിരുന്നു. കപ്പലിൽ നിന്ന് 21 ഇന്ത്യക്കാരെ രക്ഷപെടുത്തിയിരുന്നു. എന്നാൽ എഞ്ചിൽ റൂമിൽ ഉണ്ടായിരുന്ന മൂന്ന് പേരെയാണ് കാണാതായിരുന്നത്. ഇവർക്കായി കോസ്റ്റ്ഗാർഡൂം, ഒമാൻ നാവികസേനയും തെരച്ചിൽ നടത്തി വരികയായിരുന്നു.
കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചു വരുത്തിയിരുന്നു. ഡൊണാൾഡ് ട്രമ്പ് പ്രസിഡന്റായ ശേഷം ഇതാദ്യമായാണ് ഇന്ത്യ യുഎസ് നയതന്ത്രജ്ഞനെ വിളിച്ചു വരുത്തുന്നത്.ഒമാൻ കടലിടുക്കിൽ മൂന്ന് ദിവസത്തിനിടെ രണ്ട് വാണിജ്യക്കപ്പലുകൾക്ക് നേരെയാണ് യുഎസ് ആക്രമണമുണ്ടായത്. ഈ രണ്ട് കപ്പലുകളിലായി 48 ജീവനക്കാരാണ് ഉണ്ടായിരുന്നത് .
തിങ്കളാഴ്ച്ച എം ടി മാരിവെക്സ് എന്ന കപ്പലിന് നേരെയായിരുന്നു ആദ്യ ആക്രമണം. ഇത് കഴിഞ്ഞ് കൃത്യം രണ്ട് ദിവസം പിന്നിടുമ്പോൾ സെറ്റബെല്ലോ എന്ന കപ്പലിനു നേരെയും ആക്രമണമുണ്ടായി. രണ്ട് കപ്പലുകളും പലാവു രാജ്യത്തിന്റെ പതാക വഹിച്ചുള്ളവയായിരുന്നു. ഹോർമുസ് കടലിടുക്കിന് സമീപം വച്ചാണ് സെറ്റബെല്ലോ എന്ന കപ്പലിന് നേരെ യുഎസ് യുദ്ധവിമാനം മിസൈൽ തൊടുത്തത് . മിസൈൽ കപ്പലിന്റെ എഞ്ചിൻ റൂമിൽ നേരിട്ട് പതിക്കുകയായിരുന്നു.

