ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ പ്രശംസിച്ച് കോൺഗ്രസ് എം പി ശശി തരൂർ. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരെ പോലെ, അദ്വാനിയും ദശാബ്ദങ്ങളായി പൊതുസേവനം നടത്തുന്നുവെന്നും തരൂർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
“അദ്ദേഹത്തിന്റെ നീണ്ട സേവനകാലം, എത്ര പ്രാധാന്യമുള്ളതാണ് , അത് ഒരു സംഭവത്തിന്റെ പേരിൽ ചുരുക്കുന്നത് അന്യായമാണ്. ചൈനയുടെ തിരിച്ചടി കൊണ്ട് മാത്രം നെഹ്റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് മാത്രം ഇന്ദിരാഗാന്ധിയുടെയും പാരമ്പര്യം നിർവചിക്കാൻ കഴിയാത്തതുപോലെ, അദ്വാനിജിയോടും അതേ നീതി കാണിക്കണം ” തരൂർ എക്സിൽ എഴുതി.
അദ്വാനിയുടെ “പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത”യെ പ്രശംസിച്ച തരൂർ ‘ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ’ എന്നാണ് അദ്വാനിയെ വിശേഷിപ്പിച്ചത്. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം കാണിച്ച പങ്ക് മായാത്തതാണ്. സേവന ജീവിതം മാതൃകാപരമാണ് – എന്നും തരൂർ പോസ്റ്റിൽ കുറിച്ചു.
അതേസമയം അദ്വാനിയെ പ്രശംസിച്ചതിന്റെ പേരിൽ ശശി തരൂരിനെതിരെ കോൺഗ്രസിൽ വിമർശനങ്ങളുയർന്നു കഴിഞ്ഞു.

