സിവാൻ ; ബീഹാറിൽ പടക്കനിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ നാല് മരണം. സിവാൻ ജില്ലയിൽ അലമാപൂർ ഗ്രാമത്തിൽ പടക്കങ്ങൾ നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്ന വീട്ടിലാണ് വൻ സ്ഫോടനമുണ്ടായത്. മൂന്ന് പേരെ കാണാതായി .
പടക്ക വ്യാപാരിയായ മുഹമ്മദ് അമീറുദ്ദീൻ മിയാൻ എന്നയാളുടെ വീട്ടിലാണ് സ്ഫോടനമുണ്ടായത് . വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾക്ക് തീപിടിച്ചതാണ് സ്ഫോടനങ്ങൾക്ക് കാരണമായത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെങ്കിലും, ഇടയ്ക്കിടെയുണ്ടാകുന്ന സ്ഫോടനങ്ങൾ കെട്ടിടത്തിനുള്ളിലേയ്ക്ക് കടക്കുന്നതിന് തടസ്സമാകുന്നുണ്ട്. സ്ഫോടനത്തിന്റെ ശക്തി വളരെ കൂടുതലായതിനാൽ വീടിന്റെ അവശിഷ്ടങ്ങൾ റോഡിലേക്കാണ് വീണത്.
ഏകദേശം രണ്ട് മണിക്കൂറോളം ഇടയ്ക്കിടെ സ്ഫോടനങ്ങൾ തുടർന്നത് പ്രദേശവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.സ്ഫോടനത്തിൽ ചില മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായതായി റിപ്പോർട്ടുകളുണ്ട്.മരണസംഖ്യ സ്ഥിരീകരിക്കുന്നതിനായി മെഡിക്കൽ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും, സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു.

