കൊൽക്കത്ത : ബംഗാളിലെ പ്രശസ്തമായ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ നിന്ന് ഒരു കോടിയിലേറെ രൂപയും ,ആയുധങ്ങളും, മദ്യക്കുപ്പികളും കണ്ടെടുത്തു.സുവേന്ദു സർക്കാരിന്റെ നിർദേശപ്രകാരമാണ് അധികൃതർ മുറി തുറന്ന് പരിശോധന നടത്തിയത്.
ഏകദേശം ഒരു വർഷത്തിന് ശേഷമാണ് വിദ്യാർത്ഥികളുടെ യൂണിയൻ മുറി തുറന്നത്. 2019 മുതൽ ക്യാമ്പസ് തിരഞ്ഞെടുപ്പ് നടന്നിട്ടില്ലാത്തതിനാൽ കോളേജുകളിലെ യൂണിയൻ റൂമുകൾ അടച്ചുപൂട്ടാൻ കൽക്കട്ട ഹൈക്കോടതി അന്നത്തെ ടിഎംസി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് 2025-ൽ ഓഫീസ് പൂട്ടി. കഴിഞ്ഞ വർഷം ജൂണിൽ സൗത്ത് കൽക്കട്ട ലോ കോളേജിലെ യൂണിയൻ റൂമിൽ 24 വയസ്സുള്ള ഒരു വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതിനെ തുടർന്നാണ് കോടതി ഉത്തരവ് വന്നത്.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കോളേജുകളോട് വിദ്യാർത്ഥികളുടെ യൂണിയൻ ഫണ്ടിൽ നിന്ന് എല്ലാ ചെലവുകളും ഓഡിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതിന് ശേഷമാണ് സുരേന്ദ്രനാഥ് കോളേജിലെ മുറി തുറക്കാൻ നിർദേശിച്ചത്. പഴയ തടി അലമാരയിൽ നിന്നാണ് പണം അടങ്ങിയ രണ്ട് വലിയ പെട്ടി കണ്ടെത്തിയത് . 100 , 500 രൂപയും നോട്ടുകളുടെ കെട്ടുകൾ അകത്ത് അടുക്കി വച്ചിരുന്നു. ഇതിന്റെ ഭൂരിഭാഗവും ചിതലുകൾ മൂലം നശിച്ചിരുന്നു.
ഇതിനു പിന്നാലെ കോളേജ് കാമ്പസിൽ നടത്തിയ പരിശോധനയിൽ ശീതികരിച്ച രണ്ട് കിടപ്പ് മുറികളും കണ്ടെത്തി.വില കൂടിയ കട്ടിലും, കിടക്കയും ഇതിൽ ഉണ്ടായിരുന്നു. കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് നിരവധി മദ്യക്കുപ്പികളും , ഗർഭനിരോധന ഉറകളുടെ പായ്ക്കറ്റുകളും കണ്ടെടുത്തു. പേപ്പറിൽ പൊതിഞ്ഞ നിലയിലാണ് തോക്ക് കണ്ടെത്തിയത്.
‘കങ്കട ദേബു’ എന്നറിയപ്പെടുന്ന ടിഎംസി നേതാവ് ദേബാഷിസ് ബന്ദോപാധ്യായയും അദ്ദേഹത്തിന്റെ മകൻ ശിബാഷിസും ഈ മുറികൾ ഉപയോഗിച്ചിരുന്നുവെന്ന് കോളേജ് അധികൃതർ ആരോപിച്ചു. ഈ മുറികളിൽ രണ്ട് നേതാക്കൾക്കും മസാജ് ചെയ്യാൻ ജീവനക്കാരെ നിർബന്ധിച്ചതായും അവർ പറഞ്ഞു.കോളേജിലെത്തിയ ബിജെപി എംഎൽഎ സജൽ ഘോഷ്, പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഇഡി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. കോളേജിലെ പ്രവേശന റാക്കറ്റുമായി പണത്തിന് ബന്ധമുണ്ടെന്ന് ഘോഷ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കോളേജിൽ പ്രവേശനം നേടുന്നതിനായി തൃണമൂൽ ഛത്ര പരിഷത്തിന്റെ (ടിഎംസിപി) നേതാക്കൾ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയിരുന്നതായും അദ്ദേഹം ആരോപിച്ചു

