ജയ്സാൽമർ : ഭൈരവ് ബറ്റാലിയനുമായി സംവദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . താർ ശക്തി അഭ്യാസത്തിനായി രാജസ്ഥാനിലെ ലോംഗേവാലയിൽ എത്തിയതാണ് രാജ്നാഥ് സിംഗ് . നവംബർ 1 മുതൽ ഭൈരവ് ബറ്റാലിയൻ ഇന്ത്യൻ സൈന്യത്തിൽ ഔദ്യോഗികമായി വിന്യസിക്കപ്പെടും.
മാരകമായ ആക്രമണങ്ങൾക്കും ഉയർന്ന തീവ്രതയുള്ള പോരാട്ട പ്രവർത്തനങ്ങൾക്കും ഭൈരവ് ബറ്റാലിയന് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ബറ്റാലിയന്റെ പരിശീലനവും വിന്യാസവും അദ്ദേഹം അവലോകനം ചെയ്തു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, ദക്ഷിണ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് എന്നിവർ പ്രതിരോധ മന്ത്രിയെ അനുഗമിച്ചു.
“ഇന്ത്യൻ സൈന്യത്തിന്റെ ആദ്യത്തെ ഭൈരവ് ബറ്റാലിയൻ നവംബർ 1 ന് വിന്യസിക്കാൻ തയ്യാറാകും. വ്യത്യസ്ത ആയുധങ്ങളിൽ നിന്നുള്ള 250 പേർ വീതമുള്ള 25 അത്തരം ബറ്റാലിയനുകൾ അടുത്ത ആറ് മാസത്തിനുള്ളിൽ സൃഷ്ടിക്കപ്പെടും. പ്രത്യേക സേനയും സാധാരണ കാലാൾപ്പട ബറ്റാലിയനുകളും തമ്മിലുള്ള വിടവ് അവർ നികത്തും. കാലാൾപ്പട, പീരങ്കി, സിഗ്നലുകൾ, വ്യോമ പ്രതിരോധം എന്നിവയുൾപ്പെടെ വിവിധ ആയുധങ്ങളിൽ നിന്നുള്ളവരായിരിക്കും ഉദ്യോഗസ്ഥർ.”രാജ്നാഥ് സിംഗ് പറഞ്ഞു.
അർജുൻ MK-1 ബാറ്റിൽ ടാങ്ക്, സ്റ്റെർല-10M SAM സിസ്റ്റം, T-90S ഭീഷ്മ ബാറ്റിൽ ടാങ്ക് എന്നിവയുടെ പ്രദർശനവും അദ്ദേഹം നിരീക്ഷിച്ചു. ജയ്സാൽമീറിൽ നടന്ന ആർമി കമാൻഡർമാരുടെ സമ്മേളനത്തിലും രാജസ്ഥാനിലെ തനോട്ട്, ലോങ്ങ്ഗെവാല എന്നീ മുൻനിര പ്രദേശങ്ങളിലേക്കുള്ള സന്ദർശനത്തിലും ഇന്ത്യൻ സൈന്യത്തിന്റെ സുരക്ഷാ സാഹചര്യവും പ്രവർത്തന തയ്യാറെടുപ്പും രാജ്നാഥ് സിംഗ് വിലയിരുത്തിയതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനെ ഇന്ത്യയുടെ സൈനിക ശക്തിയുടെയും ദേശീയ സ്വഭാവത്തിന്റെയും ഒരു മൂർത്തീഭാവമായും വിശേഷിപ്പിച്ച രാജ്നാഥ് സിംഗ് സൈനികരുടെ ശക്തി ആയുധങ്ങളിൽ മാത്രമല്ല, അവരുടെ ധാർമ്മിക അച്ചടക്കത്തിലും തന്ത്രപരമായ വ്യക്തതയിലുമാണെന്നും പറഞ്ഞു.

