റായ്ബറേലി: 2027 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി . ഭൂമാവുവിലെ പാർലമെന്ററി വസതിയിൽ തന്നെ കാണാനെത്തിയ പാർട്ടി പ്രവർത്തകരോടാണ് സംഘടനയെ ശക്തിപ്പെടുത്താൻ രാഹുൽ ആവശ്യപ്പെട്ടത്.
സമുദായത്തിൽ നിന്നുള്ള 12 അംഗ പ്രതിനിധി സംഘം ഭൂമാവുവിലെ വസതിയിൽ വെച്ച് രാഹുലിനെ കണ്ടതായി റായ്ബറേലിയിലെ കോൺഗ്രസ് പട്ടികജാതി വിഭാഗം പ്രസിഡന്റ് സുനിൽ കുമാർ ഗൗതം പറഞ്ഞു.
ഡൽഹിയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ചിത്രത്തിൽ ഇല്ലാത്ത വിധമാണ് കോൺഗ്രസ് തുടച്ചു നീക്കപ്പെട്ടത് . അതിനു പിന്നാലെയാണ് യുപി തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് അടക്കമുളള ബിജെപി നേതൃനിരയുമായി ഏറ്റുമുട്ടാൻ കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ആവശ്യപ്പെട്ടത് .
അതേസമയം, റായ് ബറേലിയിലെ ചില പ്രദേശങ്ങളിൽ, രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പാർട്ടിയെയും എതിർക്കുന്ന പോസ്റ്ററുകൾ അദ്ദേഹത്തിന്റെ സന്ദർശന വേളയിൽ പ്രത്യക്ഷപ്പെട്ടു. ബിഎസ്പി മേധാവി മായാവതിയെയും ദലിത് സമൂഹത്തെയും രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന് പോസ്റ്ററുകളിൽ ആരോപിക്കുന്നു.
മായാവതിക്കെതിരെ കോൺഗ്രസ് നേതാവ് ഉദിത് രാജ് അടുത്തിടെ നടത്തിയ പ്രസ്താവനയെ പോസ്റ്ററുകളിൽ പരാമർശിച്ചിട്ടുണ്ട്.
“മിസ്റ്റർ രാഹുൽ ഗാന്ധി, നിങ്ങളുടെ ഇരട്ടത്താപ്പ് വ്യക്തമാണ്. ഒരു വശത്ത്, നിങ്ങൾ പട്ടികജാതി ഹോസ്റ്റലുകളും വീര പാസിയുടെ സ്മാരകങ്ങളും സന്ദർശിച്ച് ദലിതരുടെ ഉപകാരിയായി അഭിനയിക്കുമ്പോൾ, മറുവശത്ത്, നിങ്ങളുടെ പാർട്ടി നേതാക്കൾ ദളിത് ഐക്കണും നാല് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ബെഹൻ കുമാരി മായാവതിയെ കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ഉദ്ദേശ്യം പരസ്യമായി പ്രഖ്യാപിക്കുന്നു,” എന്നാണ് ചില പോസ്റ്ററുകളിൽ പറയുന്നത് .