ന്യൂദൽഹി : 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലെത്തി. പുടിന്റെ വിമാനം ദേശീയ തലസ്ഥാനമായ ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ ഇന്ന് വൈകുന്നേരം 7 മണിയോടെ ഇറങ്ങി. ഇന്ത്യയിലെത്തിയ വ്ളാഡിമിർ പുടിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് വിമാനത്താവളത്തിൽ എത്തി.
വ്ളാഡിമിർ പുടിൻ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, ആലിംഗനം ചെയ്താണ് മോദി സ്വീകരിച്ചത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വ്ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്. റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം തുടരുകയും റഷ്യയ്ക്കെതിരായ യുഎസ് ഉപരോധങ്ങൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്. അതുകൊണ്ട് തന്നെ ലോകം മുഴുവൻ ഈ സന്ദർശനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് . പ്രധാനമന്ത്രി മോദി പുടിന് നാളെ അത്താഴവിരുന്ന് ഒരുക്കും. ഇരുവരും തമ്മിൽ ഉഭയകക്ഷി ചർച്ചകളും നടക്കും.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ നിരവധി പ്രധാന പ്രതിരോധ കരാറുകൾ ചർച്ച ചെയ്യും . ബ്രഹ്മോസ് മിസൈലിന്റെ നൂതന പതിപ്പിനെക്കുറിച്ച് ഇരു രാജ്യങ്ങളും ഒരു കരാറിൽ എത്തിയേക്കാം, . കൂടാതെ, SU-57 യുദ്ധവിമാനം, S-400, S-500 വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയിലും ഇരു രാജ്യങ്ങളും തമ്മിൽ കരാറുകളിൽ എത്തിയേക്കാം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.

