ന്യൂഡൽഹി ; രാമനവമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും . പുതിയ പാമ്പൻ പാലവും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. 2025 ഏപ്രിലിൽ പ്രവർത്തനക്ഷമമാകുന്ന പാമ്പൻ പാലത്തിന് 2.10 കിലോമീറ്റർ നീളമുണ്ട്.
പാമ്പൻ പാലം തുറക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായാണ് വിവരം. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമാണിത് . ദക്ഷിണ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരും അടുത്തിടെ പാലം പരിശോധിച്ചു. ഇതിനൊപ്പം ചെന്നൈയിലെ പുതിയ എസി സബേർബൻ സർവീസ് അടക്കമുള്ള മറ്റു ചില റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 4, 5 തീയതികളിൽ പ്രധാനമന്ത്രി മോദി ശ്രീലങ്ക സന്ദർശിക്കും. ഇതിനുശേഷം അദ്ദേഹം രാമേശ്വരത്തേക്ക് പോകും.
രാമേശ്വരം ദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഇതിനുമുമ്പ് ഇവിടെ ഒരു പഴയ പാലം ഉണ്ടായിരുന്നു. ഈ പാലം 1914 ലാണ് നിർമ്മിച്ചത്. 108 വർഷങ്ങൾക്ക് ശേഷം, 2022 ൽ, ഈ പാലത്തിന്റെ മോശം അവസ്ഥ കാരണം അടച്ചിടേണ്ടി വന്നു.