ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ . സർക്കാരിന്റെ ആഗോള നയതന്ത്ര നടപടിയായ ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് പരാമർശിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ സ്വത്ത് എന്നാണ് വിശേഷിപ്പിച്ചത് . പാകിസ്ഥാനിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനുശേഷം ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ എംപിമാരുടെ ഒരു സംഘത്തിൽ ശശി തരൂർ ഉണ്ടായിരുന്നു.
ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ പ്രസിദ്ധീകരിച്ച കോളത്തിലാണ് ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത്. മോദിയുടെ ഊർജ്ജം, ചൈതന്യം, ഇടപെടാനുള്ള സന്നദ്ധത എന്നിവയെ ശശി തരൂർ അഭിനന്ദിച്ചു. ഈ ഗുണങ്ങൾ ലോക വേദിയിൽ ഇന്ത്യയ്ക്ക് ശക്തമായ മുൻതൂക്കം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. “ലോക വേദിയിൽ ഇന്ത്യയുടെ പതാക പാറിക്കാൻ മോദിക്ക് കൂടുതൽ പിന്തുണ ആവശ്യമാണ്,” തരൂർ പറയുന്നു.
മോദി അയച്ച പാർലമെന്ററി സംഘത്തിലെ അംഗമായിരുന്ന ശശി തരൂർ, വിദേശത്ത് ബിജെപി സർക്കാരിനെ പ്രശംസിച്ചതിന് കോൺഗ്രസിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ, കോൺഗ്രസുമായി തനിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നത് ശരിയാണെന്നും എന്നാൽ അതിനെക്കുറിച്ച് തുറന്നു ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ശശി തരൂർ പറഞ്ഞു. ഇതിനു പിന്നാലെയാണ് അദ്ദേഹം വീണ്ടും മോദിയെ പ്രശംസിച്ചത്.
മോദി സർക്കാരിന്റെ നയതന്ത്ര ഇടപെടലുകളെ മുൻ യുപിഎ കാലഘട്ടത്തിലെ സർജിക്കൽ സ്ട്രൈക്കുകളുമായി താരതമ്യം ചെയ്തതിന് ശേഷം, ശശി തരൂരിന്റെ പരാമർശങ്ങൾ കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ നേട്ടങ്ങളെ അദ്ദേഹം ദുർബലപ്പെടുത്തുന്നുവെന്നും ബിജെപിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നുവെന്നും ചില കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.

