കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ എം എൽ എ ഹുമയൂൺ കബീർ ഇന്ന് പുതിയ ബാബറി മസ്ജിദിന് തറക്കല്ലിടും . സൗദിയിൽ നിന്നുള്ള ഇസ്ലാം പുരോഹിതന്മാരാകും ചടങ്ങിന് നേതൃത്വം നൽകുക . ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കർശന സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
മുപ്പതിനായിരം ആളുകൾ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ഹുമയൂൺ കബീർ പറയുന്നത് . മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മതനേതാക്കളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട് . ‘ സൗദിയിൽ നിന്നുള്ള രണ്ട് ഖാസിമാർ രാവിലെ പ്രത്യേക വാഹനത്തിൽ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് എത്തും ‘ ഹുമയൂൺ കബീർ പറഞ്ഞു.
സംസ്ഥാനത്തെ ഏക വടക്ക്-തെക്ക് പ്രധാന പാതയായ NH-12 ന് സമീപമുള്ള വലിയ വേദിയിൽ ഒരുക്കങ്ങൾ പൂർത്തിയായിവരികയാണ്. കൽക്കട്ട ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പ്രദേശത്ത് 3,000-ത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്. പോലീസും ആർഎഎഫും കേന്ദ്ര സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട് . പരിപാടിക്ക് 60 മുതൽ 70 ലക്ഷം രൂപ വരെയാണ് ചിലവ് . ഏകദേശം 25 ബിഗാ ഭൂമിയിലാണ് പരിപാടി നടക്കുന്നത്.
40,000 അതിഥികൾക്കും 20,000 നാട്ടുകാർക്കും ഷാഹി ബിരിയാണിയും ഒരുക്കുന്നുണ്ട്. ബാബറി മസ്ജിദ് പൊളിച്ചുമാറ്റലിന്റെ വാർഷികത്തിലാണ് പരിപാടി നടക്കുന്നത്, അതുകൊണ്ട് തന്നെ പൊലീസ് അതീവ ജാഗ്രതയിലാണ്. കൽക്കട്ട ഹൈക്കോടതി പള്ളി നിർമ്മാണം നിരോധിച്ചിട്ടില്ല. എന്നാൽ , സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

