ന്യൂഡൽഹി : ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രധാനമന്ത്രിയായി തുടർച്ചയായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് തന്റെ സവിശേഷ ഭാഗ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന എൻ ഡി എ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ റെക്കോർഡാണ് മോദി മറികടന്നത്. തന്റെ രാഷ്ട്രീയ യാത്രയിൽ ഇത്തരമൊരു നാഴികക്കല്ല് പിന്നിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും , ഇതിനായി അവസരമൊരുക്കിയ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ വർഷങ്ങളുടെ നയപരവും ഭരണപരവുമായ പരാജയങ്ങളിലൂടെ കോൺഗ്രസ് സർക്കാരുകൾ രാജ്യത്തെ നിസ്സഹായതയിലേക്കും ദുരിതത്തിലേക്കും അപകർഷതാബോധത്തിലേക്കും തള്ളിവിട്ടു.എൻഡിഎ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് കോൺഗ്രസ് ഭരണത്തിന്റെ പാരമ്പര്യത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചതാണ് .ഇന്ത്യയിൽ വികസനം സാവധാനത്തിൽ സംഭവിക്കുന്നുണ്ടെന്നും ഇന്ത്യയിൽ ദ്രുത വികസനം സാധ്യമല്ലെന്നും കോൺഗ്രസ് രാജ്യത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. വളരെ സമർത്ഥമായി, മന്ദഗതിയിലുള്ള വികസനത്തിന് ഒരു പേര് നൽകി – ‘ഹിന്ദു വളർച്ചാ നിരക്ക്’.
ദ്രുത വികസനം അസാധ്യമാണെന്നും സാമ്പത്തിക പുരോഗതി സാവധാനത്തിൽ മാത്രമേ സംഭവിക്കൂ എന്നും വിശ്വസിക്കാൻ കോൺഗ്രസ് സർക്കാരുകൾ ഇന്ത്യക്കാരെ നിർബന്ധിക്കുകയായിരുന്നു. രാജ്യത്തെ ഹിന്ദു ഭൂരിപക്ഷത്തിന്റെ മേൽ നയപരമായ പരാജയങ്ങളുടെ ഉത്തരവാദിത്തം കെട്ടിച്ചമയ്ക്കുകയും കോൺഗ്രസിനെ ഉത്തരവാദിത്തത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതിനായാണ് ഈ പദം ഹിന്ദു വളർച്ചാ നിരക്ക് എന്ന വാക്ക് അവർ ഉപയോഗിച്ചത്.
പ്രവർത്തനശൈലി കോൺഗ്രസിന്റേതായിരുന്നു, ഉത്തരവാദിത്തം കോൺഗ്രസിന്റേതായിരുന്നു, പരാജയം കോൺഗ്രസിന്റേതായിരുന്നു . എന്നിട്ടും രാജ്യത്തെ വലിയ ഹിന്ദു ജനസംഖ്യയുടെ മേൽ കളങ്കം ചുമത്തി. വാസ്തവത്തിൽ, ഈ മോശം സംസ്കാരത്തെ ‘കോൺഗ്രസ് വളർച്ചാ നിരക്ക്’ എന്നായിരുന്നു വിളിക്കേണ്ടിയിരുന്നത്,” അദ്ദേഹം പറഞ്ഞു

