ന്യൂഡൽഹി : താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിൽ അസംതൃപ്തി പ്രകടിപ്പിച്ച് പാകിസ്ഥാൻ . അഫ്ഗാനികൾ എല്ലായ്പ്പോഴും ഇന്ത്യയുടെ വിശ്വസ്തരാണെന്നും ഇന്നലെയും ഇന്നും നാളെയും പാകിസ്ഥാനെതിരെ ഇന്ത്യ അങ്ങനെ തന്നെ തുടരുമെന്നുമാണ് ഒരു അഭിമുഖത്തിനിടെ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറയുന്നത് .
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഖ്വാജ ആസിഫിന്റെ പ്രസ്താവന. മുൻ പാകിസ്ഥാൻ സർക്കാരുകളെ വിമർശിച്ച അദ്ദേഹം, അഫ്ഗാൻ അഭയാർത്ഥികളെ രാജ്യത്ത് പുനരധിവസിപ്പിക്കാനുള്ള തീരുമാനം അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്നാണെന്നും പറഞ്ഞു.
നേരത്തെ, പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ സംസാരിക്കവെ ‘ തങ്ങളുടെ ക്ഷമ നശിച്ചു. അഫ്ഗാൻ മണ്ണിൽ നിന്ന് ഉയർന്നുവരുന്ന ഭീകരത ഇനി അനുവദിക്കില്ല ‘ എന്ന് ഖ്വാജ പറഞ്ഞിരുന്നു. മൂന്ന് വർഷം മുമ്പ് താനും പാകിസ്ഥാൻ മുതിർന്ന ഉദ്യോഗസ്ഥരും കാബൂൾ സന്ദർശിച്ചിരുന്നുവെന്നും അവിടെ ഭീകരരുടെ ഒളിത്താവളങ്ങൾ തകർക്കാൻ തങ്ങൾ ആവശ്യപ്പെട്ടെങ്കിലും അഫ്ഗാൻ ഭരണകൂടം വ്യക്തമായ ഉറപ്പുകൾ നൽകിയില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
“നിങ്ങളുടെ ഭൂമിയിൽ ഏകദേശം 6,000 മുതൽ 7,000 വരെ ആളുകൾ താമസിക്കുന്നുണ്ടെന്നും അവർ പാകിസ്ഥാന് ഭീഷണിയാണെന്നും ഞങ്ങൾ അഫ്ഗാൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ ആ ആളുകളെ അവിടെ തന്നെ നിലനിർത്താനാണ് അഫ്ഗാൻ ശ്രമിച്ചതെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
അടുത്തിടെയായി ഇന്ത്യയ്ക്കെതിരെ വിദ്വേഷ പരാമർശം നടത്തുകയാണ് ഖ്വാജ ആസിഫ് . പാകിസ്ഥാൻ അള്ളാഹുവിന് വേണ്ടി സൃഷ്ടിച്ച രാജ്യമാണെന്നും , ഇനിയൊരു യുദ്ധമുണ്ടായാൽ ഇന്ത്യ യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങളാൽ മൂടപ്പെടുമെന്നും ഖ്വാജ ആസിഫ് പറഞ്ഞിരുന്നു.

