ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷാ തയ്യാറെടുപ്പുകളുടെ ഭാഗമായി നാളെ രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി . സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്. പുനഃപരീക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി എൻടിഎ പത്രക്കുറിപ്പിൽ അറിയിച്ചു. പരീക്ഷാ സാമഗ്രികൾ കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി കൊണ്ടുപോകുന്നത് ഉറപ്പാക്കാൻ ജില്ലാ ഭരണകൂടങ്ങളെയും പോലീസ് സേനയെയും പ്രത്യേക എസ്കോർട്ട് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5.15 വരെ പരീക്ഷ നടക്കും. ഓഫ്ലൈൻ മോഡിലാണ് പരീക്ഷ നടത്തുക. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലുമായി 22.79 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പുനഃപരീക്ഷ എഴുതും. ഭിന്നശേഷി വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ വൈകുന്നേരം 6.20 വരെ അധിക സമയം നൽകും.

