ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്ഫോടനത്തിൽ ഉപയോഗിച്ച സ്ഫോടകവസ്തു സാത്താന്റെ മാതാവ് എന്നറിയപ്പെടുന്ന ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) ആയിരിക്കാമെന്ന് സൂചന . ഡിറ്റണേറ്റർ ഇല്ലാതെ ചൂടോടെ പൊട്ടിത്തെറിക്കുന്ന ഒരു തരം സ്ഫോടകവസ്തുവാണിത്. ഡൽഹിയിൽ നടന്നത് ഇത്തരം സ്ഫോടനമാണോയെന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് വിദഗ്ധർ ശ്രമിക്കുകയാണ്.
സ്ഫോടനത്തിൽ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചിരിക്കാമെന്ന് പോലീസ് നേരത്തെ സംശയിച്ചിരുന്നു. കാർ ഓടിച്ചിരുന്ന ഡോ. ഉമർ മുഹമ്മദിന് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡുയുടെ സ്ഫോടനാത്മക സാധ്യതയെക്കുറിച്ച് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു .TATP വളരെ റിയാക്ടീവ് ആയ ഒരു സ്ഫോടകവസ്തുവായിട്ടാണ് വിദഗ്ധർ കണക്കാക്കുന്നത്.
ഘർഷണം, മർദ്ദം അല്ലെങ്കിൽ താപനിലയിലെ വർദ്ധനവ് പോലുള്ള ഭൗതിക അന്തരീക്ഷത്തിലെ ഏത് മാറ്റവും സ്ഫോടനത്തിന് കാരണമാകും. രാസപരമായും താപപരമായും സ്ഥിരതയുള്ളതും ബാഹ്യ ഇടപെടൽ ആവശ്യമുള്ളതുമായ അമോണിയം നൈട്രേറ്റിൽ നിന്ന് വ്യത്യസ്തമായി, TATP-ക്ക് ഒരു ഡിറ്റണേറ്റർ ആവശ്യമില്ല. നിയമവിരുദ്ധ ബോംബ് നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ TATP ‘സാത്താന്റെ മാതാവ്’ എന്നറിയപ്പെടുന്നു. 2017-ലെ ബാഴ്സലോണ ആക്രമണം, 2015-ലെ പാരീസ് ആക്രമണം, 2017-ലെ മാഞ്ചസ്റ്റർ ബോംബിംഗ്, 2016-ലെ ബ്രസ്സൽസ് ബോംബിംഗ് എന്നിവയിൽ TATP-യുടെ തെളിവുകൾ കണ്ടെത്തിയിരുന്നു.
അത്തരം സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നവർക്ക് വിദഗ്ധമായ തീവ്രവാദ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അന്വേഷകസംഘം പറയുന്നു. ശക്തമായ ഷോക്ക് തരംഗങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള സ്ഫോടകവസ്തുവാണ് TATP. ഡൽഹി സ്ഫോടന സ്ഥലത്തെ നാശനഷ്ടങ്ങൾ TATP-യിലേക്ക് വിരൽ ചൂണ്ടുന്നു. മറ്റൊരു പ്രധാന ഭീകര പ്രവർത്തനത്തിനായി കൊണ്ടുപോകുമ്പോൾ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണോ എന്നും ഫോറൻസിക് വിദഗ്ധർ അന്വേഷിക്കുന്നുണ്ട്.
TATP നിർമ്മിക്കാൻ ഒന്നിലധികം ചേരുവകൾ ആവശ്യമുള്ളതിനാൽ ഉമർ എങ്ങനെയാണ് രാസവസ്തുക്കൾ വാങ്ങിയതെന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.

