ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ ഗംഗൈകൊണ്ട ചോളപുരം ലോക ശ്രദ്ധ നേടുമെന്ന് ബിജെപി നേതാവ് കെ അണ്ണാമലൈ .ഭരണകക്ഷിയായ ഡിഎംകെയും സർക്കാരും പ്രാദേശിക തലത്തിൽ ഒതുക്കി നിർത്താൻ ശ്രമിച്ച ചരിത്രമാണ് ഇനി ലോകം അറിയുക എന്നും അണ്ണാമലൈ പറഞ്ഞു .
‘ തമിഴ്നാടിന് മാത്രമല്ല, മുഴുവൻ ഭാരതത്തിനും വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരിക്കും ഇത് . സങ്കീർണ്ണമായ ശിൽപങ്ങൾ, ചോള വെങ്കലങ്ങൾ, പുരാതന ലിഖിതങ്ങൾ എന്നിവയ്ക്ക് പേരുകേട്ട യുനെസ്കോ ലോക പൈതൃക സ്ഥലമായ ഗംഗൈകൊണ്ട ചോളപുരം ഇന്ന് ലോക ശ്രദ്ധയാകർഷിക്കുന്നു. രാജേന്ദ്ര ചോളൻ ഒന്നാമന്റെ തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള സമുദ്ര പര്യവേഷണത്തിന്റെ 1,000 വർഷത്തെ അനുസ്മരണം കൂടിയാണിത്. ഗംഗൈകൊണ്ട ചോളപുരത്തെ ആഗോള ഭൂപടത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ് മോദിജി.
ചോള രാജവംശത്തിനായി ഒന്നും ചെയ്യാത്തതിനാൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. പ്രധാനമന്ത്രി മോദിയുടെ പര്യടനത്തിൽ അസ്വസ്ഥരാണ് . ഡി.എം.കെ ഒരിക്കലും ചോളരെ ആഘോഷിച്ചിട്ടില്ല. പാർട്ടിയിലെ ഒരു മുഖ്യമന്ത്രിയും രാജവംശത്തിന്റെ തലസ്ഥാന നഗരമായിരുന്ന ഗംഗൈകൊണ്ട ചോളപുരം സന്ദർശിച്ചിട്ടില്ല . പ്രധാനമന്ത്രി ചോളരെ ആഗോളവൽക്കരിക്കാൻ ശ്രമിക്കുമ്പോൾ, ഡി.എം.കെ. അത് തദ്ദേശീയമായിരിക്കണമെന്ന് ആഗ്രഹിക്കുന്നു.“ അണ്ണാമലൈ പറഞ്ഞു.
തമിഴ്നാട്ടിലെത്തിയ മോദി ആടി തിരുവാതിരൈ ഉത്സവത്തിന്റെ സമാപന ചടങ്ങിന്റെ ഭാഗമായി ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിൽ ദർശനം നടത്തി. രാജേന്ദ്ര ചോളൻ ഒന്നാമനെ ആദരിക്കുന്ന സ്മാരക നാണയവും അദ്ദേഹം പുറത്തിറക്കി.

