ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ പുന:സംഘടന തിങ്കളാഴ്ച്ചയോടെ ഉണ്ടാകുമെന്ന് സൂചന. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റിയേക്കും. നിർമ്മല സീതാരാമനെ വിദ്യാഭ്യാസമന്ത്രിയായി പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും പുറത്ത് പോകുമെന്നാണ് സൂചന. അപ്രതീക്ഷിത മുഖങ്ങൾ മന്ത്രിസഭയിലേയ്ക്ക് എത്തിയേക്കും. മുൻ ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസിനെയും മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നുണ്ട്.
ശ്രീകാന്ത് ഷിൻഡെയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും. രാഘവ് ചദ്ദയ്ക്കും മന്ത്രിസ്ഥാനത്തിന് സാധ്യത . ജൂൺ 23 ന് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതിയുമായി ചർച്ച നടത്തിയിരുന്നു . പുനസംഘടന തീയതി അന്തിമമാക്കാനാണ് രാഷ്ട്രപതിയെ കണ്ടതെന്നാണ് സൂചന .
ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് കേന്ദ്രമന്ത്രിസഭ പുനസംഘടനയ്ക്ക് എൻ ഡി എ ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്രമോദി മുതിർന്ന നേതാക്കളുമായും, ബിജെപിയിലെ ഭാരവാഹികളുമായും നിരവധി കൂടിക്കാഴ്ച്ചകൾ നടത്തിയിട്ടുണ്ട്.

