ഡബ്ലിൻ: ആശുപത്രികളിൽ വേട്ടയാടപ്പെട്ട് ആരോഗ്യപ്രവർത്തകർ. ഈ വർഷം ഇതുവരെ ആരോഗ്യപ്രവർത്തകർക്കെതിരെ രണ്ടായിരത്തിലധികം ആക്രമണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു.
സിൻ ഫെയ്നിന്റെ ആരോഗ്യവിഭാഗം വക്താവ് ഡേവിഡ് കുള്ളിനൻ എച്ച്എസ്ഇയ്ക്ക് നൽകിയ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ ഡാറ്റകൾ പ്രകാരം ജൂൺ നാല് വരെ 2373 ആക്രമണങ്ങൾ ആരോഗ്യപ്രവർത്തകർക്ക് നേരെ ഉണ്ടായി. ഇതിൽ 23 എണ്ണം ലൈംഗികാതിക്രമങ്ങൾ ആയിരുന്നു.
അസഭ്യം പറയുകയും ആക്ഷേപിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത 585 സംഭവങ്ങളും ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശാരീരിക ആക്രമണങ്ങളുമായി ബന്ധപ്പെട്ട 1765 സംഭവങ്ങൾ ഉണ്ടായി. ഇതിൽ ഭൂരിഭാഗം സംഭവങ്ങളിലും ആരോഗ്യപ്രവർത്തകർക്ക് പരിക്കേൽക്കുന്ന സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്.

