ടെഹ്റാൻ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ‘കടലാസ് പുലികൾ ‘ എന്ന് വിളിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി . ഈ താവളങ്ങൾക്ക് സ്വയം സംരക്ഷിക്കാൻ പോലും കഴിയുന്നില്ലെങ്കിൽ, അവർ എങ്ങനെ അമേരിക്കയെ പിന്തുണയ്ക്കുന്നവരെ സംരക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഖമേനിയുടെ പരാമർശം.’അമേരിക്കയുടെ പേപ്പർ കടുവ പോലുള്ള താവളങ്ങൾക്ക് സ്വയം സംരക്ഷിക്കാൻ പോലും കഴിയില്ല, മേഖലയിലെ അമേരിക്കയെ പിന്തുണയ്ക്കുന്നവരുടെ സുരക്ഷ പോലും പറയേണ്ടതില്ലല്ലോ’ അദ്ദേഹം പറഞ്ഞു. ഇറാൻ, അമേരിക്ക, ഇസ്രായേൽ എന്നിവ തമ്മിലുള്ള സംഘർഷങ്ങൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയും അത് കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുകയും ചെയ്യുന്ന സമയത്താണ് മൊജ്തബയുടെ ഈ പ്രസ്താവന .
മറ്റൊരു പോസ്റ്റിൽ, പേർഷ്യൻ ഗൾഫ് വെറുമൊരു ജലാശയമല്ലെന്നും, നമ്മുടെ സ്വത്വത്തിന്റെയും നാഗരികതയുടെയും ഭാഗമാണെന്നും ഖമേനി വിശേഷിപ്പിച്ചു. ഈ മേഖല രാജ്യങ്ങളെ ബന്ധിപ്പിക്കുന്നുവെന്നും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് സുപ്രധാന പാതയാണെന്നും അദ്ദേഹം പറഞ്ഞു. പേർഷ്യൻ ഗൾഫ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിൽ, ഭാവിയിൽ ഗൾഫ് മേഖല അമേരിക്കൻ സാന്നിധ്യത്തിൽ നിന്ന് മുക്തമാകുമെന്ന് ഖമേനി ചൂണ്ടിക്കാട്ടി . “ദൈവകൃപയാൽ, അമേരിക്കയില്ലാതെ പേർഷ്യൻ ഗൾഫിന് ശോഭനമായ ഒരു ഭാവി ഉണ്ടാകും, കൂടാതെ പ്രദേശം അതിന്റെ ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കും” അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ ഖമേനി ഏതൊരു ‘ശത്രുപ്രവർത്തന’ത്തിനും തന്റെ രാജ്യം മറുപടി നൽകുമെന്നും വ്യക്തമാക്കി . ബാഹ്യശക്തികൾക്ക് ഇവിടെ സ്ഥിരത നിലനിർത്താൻ കഴിയുന്നില്ലെന്ന് സമീപകാല സംഭവവികാസങ്ങൾ വ്യക്തമായി കാണിക്കുന്നുവെന്നും ഖമേനി പറഞ്ഞു.

