മുംബൈ ; ഏകദിനമത്സരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇനി കളത്തിലിറങ്ങുക പുത്തൻ ജേഴ്സിയണിഞ്ഞ് . മുംബൈയിൽ നടന്ന ചടങ്ങിൽ നിയുക്ത ഐ സി സി ചെയർമാനും, ബിസിസിഐ സെക്രട്ടറിയും വനിതാ ടീം ക്യാപ്റ്റനുമായ ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്നാണ് പുതിയ ജേഴ്സി പ്രകാശനം ചെയ്തത്,
മുൻപുള്ള ജേഴ്സിയിലെ പ്രധാന നിറമായ ആകാശ നീല നിലനിർത്തിയിട്ടുണ്ട്.എന്നാൽ തോളത്ത് ത്രിവർണം കൂടി വരുന്നത് കൊണ്ട് കൂടുതൽ ആകർഷകമാകുന്നുണ്ട്. അതിനു പുറത്താണ് അപ്പാരല്‍ സ്പോണ്‍സേഴ്സായ അഡിഡാസിന്റെ സിഗ്നേച്ചറായ മൂന്ന് വെള്ളവരകള്‍ വരുന്നത്.
വനിതാ ക്രിക്കറ്റ് ടീമാണ് ജേഴ്സി അണിഞ്ഞു ആദ്യം കളത്തിൽ എത്തുക. ഡിസംബർ 22 ന് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന മൂന്ന് ഏകദിന പരമ്പരയിലാണ് വനിതാ ടീം പുതിയ ജേഴ്സി അണിഞ്ഞു വരുന്നത്.ഇതിനു മുൻപ് ഡിസംബർ അഞ്ചിനു ഓസ്ട്രേലിയയുമായി പരമ്പര ഉണ്ടെങ്കിലും നിലവിലെ ജേഴ്സി അണിഞ്ഞാകും എത്തുക.
ഇന്ത്യൻ ജേഴ്സി പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഹര്‍മ്മന്‍പ്രീത് കൗര്‍ പ്രതികരിച്ചു. തോളിൽ നൽകിയിരിക്കുന്ന ത്രിവർണ്ണനിറങ്ങൾ മനോഹരമാണ് , ഇന്ത്യൻ ടീമിന് പുതിയ ജേഴ്സി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ വ്യക്തമാക്കി.