ന്യൂഡൽഹി: ആദായനികുതി ഇളവും ജിഎസ്ടി പരിഷ്കാരങ്ങളും ഇന്ന് മുതൽ പ്രാബല്യത്തിൽ . പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ ഇന്ത്യക്കാർക്ക് 2.5 ലക്ഷം കോടിയിലധികം ലാഭം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഉറപ്പുനൽകിയിരുന്നു. തിങ്കളാഴ്ച മുതൽ രാജ്യം ജിഎസ്ടി ബചത് ഉത്സവ് ആഘോഷിക്കാൻ തുടങ്ങുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ജിഎസ്ടി 5%, 18% സ്ലാബുകളായി പരിമിതപ്പെടുത്തിയതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി കുറയും. ദരിദ്രർ, മധ്യവർഗം, പുതിയ മധ്യവർഗം, യുവാക്കൾ, കർഷകർ, സ്ത്രീകൾ, കടയുടമകൾ, വ്യാപാരികൾ, സംരംഭകർ എന്നിവർക്ക് പ്രയോജനം ലഭിക്കും.12% സ്ലാബിലുള്ള 99% ഉൽപ്പന്നങ്ങളുടെയും ജിഎസ്ടി 5% ആയിരിക്കും.
ടിവി, റഫ്രിജറേറ്റർ, സ്കൂട്ടർ, ബൈക്ക്, കാർ എന്നിവ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഹോട്ടൽ മുറികളുടെ ജിഎസ്ടി കുറച്ചതിനാൽ യാത്രാ ചെലവുകൾ കുറയും. വീട് നിർമ്മാണത്തിനായി ചെലവഴിക്കുന്ന തുകയും കുറയും. 28 ശതമാനമായിരുന്ന ആഡംബര വസ്തുക്കളുടെ ജിഎസ്ടി 40 ശതമാനമായി ഉയർത്തി.
നിത്യോപയോഗ സാധനങ്ങളുടെയും, ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും ജിഎസ്ടി 5 ശതമാനമായിരിക്കുമ്പോൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് 18 ശതമാനമായി കുറയും.ആഡംബര ഉത്പന്നങ്ങൾക്കും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങൾക്കും ലോട്ടറിക്കും 40 ശതമാനം എന്ന ഉയർന്നനിരക്കും നടപ്പാക്കുകയാണ്.
ഇടത്തരം വാഹനങ്ങളുടെ ജി എസ് ടി 18 ശതമാനമാക്കിയതോടെയുള്ള വിലക്കുറവ് ഉപഭോക്താക്കളിലേയ്ക്ക് പൂർണ്ണമായി കൈമാറാൻ വാഹനനിർമ്മാതാക്കൾ തയ്യാറായിട്ടുണ്ട്. തിങ്കളാഴ്ച്ച മുതൽ വിലയിലുള്ള കുറവ് ഓരോ ഉത്പന്നത്തിലും പ്രദർശിപ്പിക്കും. ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് , ജനറൽ ഇൻഷുറൻസ് പോളിസികൾ , 33 ജീവൻ സുരക്ഷാമരുന്നുകൾ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്.

