ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ വമ്പൻ കുതിപ്പ് . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഏകദേശം 40,000 കോടി രൂപയിലെത്തി. ഈ വർഷം 60 ശതമാനത്തിലധികമാണ് കയറ്റുമതി വർദ്ധനവ് . ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ഇന്ത്യ വിൽക്കാൻ ഉദ്ദേശിക്കുന്ന ആയുധങ്ങളുടെ എണ്ണവും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. ആയുധങ്ങൾക്കായി ചൈനയെയും തുർക്കിയെയും ആശ്രയിക്കുന്ന പാകിസ്ഥാന് ഇത് വലിയ തിരിച്ചടിയാകും.
പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും (ഡിപിഎസ്യു) സ്വകാര്യ മേഖലയും ഈ നേട്ടത്തിന് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു. രാജ്യം ശ്രദ്ധേയമായ ഒരു വിജയഗാഥ രചിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ₹38,424 കോടി എന്ന റെക്കോർഡ് ഉയരത്തിലെത്തിയതായി രാജ്നാഥ് സിംഗ് പറഞ്ഞു. “ഒരുകാലത്ത് ആയുധ ഇറക്കുമതിക്ക് മാത്രം പേരുകേട്ട ഇന്ത്യ ഇപ്പോൾ കയറ്റുമതിയുടെ കാര്യത്തിൽ അതിവേഗം പുരോഗമിക്കുകയാണ്. 2014 ൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഏകദേശം ₹600 കോടിയായിരുന്നു, ഇപ്പോൾ അത് ₹38,500 കോടിയായി വർദ്ധിച്ചു,” രാജ്നാഥ് സിംഗ് പറഞ്ഞു.
2014 മുതൽ 2026 വരെയുള്ള 12 വർഷത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ₹35,000 കോടിയിലധികം വർദ്ധിച്ചു, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ₹14,802 കോടിയുടെ വർദ്ധനവ് ഉണ്ടായി . ₹14,082 കോടിയുടെ ഈ വർദ്ധനവ് ഇന്ത്യയുടെ തദ്ദേശീയ കഴിവുകളിലും വിപുലമായ ഉൽപാദന ശേഷിയിലുമുള്ള ആഗോള ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
ഈ നേട്ടത്തിന് ഡിപിഎസ്യുകൾ 54.48 ശതമാനം സംഭാവന ചെയ്തപ്പോൾ സ്വകാര്യ വ്യവസായം 45.16 ശതമാനം സംഭാവന ചെയ്തുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് സഹകരണപരവും സ്വാശ്രയവുമായ പ്രതിരോധ ആവാസവ്യവസ്ഥയുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2024-25ൽ ₹23,622 കോടിയും 2023-24ൽ ₹21,083 കോടിയുമായിരുന്നു.

