ലക്നൗ : ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് അയോദ്ധ്യയിൽ തെളിയിച്ചത് 26,17,215 വിളക്കുകൾ . ഇത്തവണ രണ്ട് ഗിന്നസ് റെക്കോർഡാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ, ഉത്തർപ്രദേശ് സ്വന്തമാക്കിയത് . ആദ്യത്തേത് നഗരത്തിലുടനീളം 26,17,215 വിളക്കുകൾ കത്തിച്ചതിനുള്ളതായിരുന്നു, രണ്ടാമത്തേത് 2128 വൈദാചാര്യരും പുരോഹിതന്മാരും ഒരേസമയം സരയൂ തീരത്ത് നടത്തിയ ആരതിയ്ക്കുള്ളതും. രണ്ട് റെക്കോർഡുകളും ഡ്രോണുകൾ ഉപയോഗിച്ചാണ് പകർത്തിയത്.
ഡോ. റാം മനോഹർ ലോഹ്യ അവധ് സർവകലാശാലയിലെ അംഗങ്ങളും തദ്ദേശ സംഘടനകളും ഉൾപ്പെടെ 32,000-ത്തിലധികം വളണ്ടിയർമാരാണ് പരിപാടിയിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ആഹ്വാനത്തെത്തുടർന്ന് അയോധ്യയിലെ എല്ലാ വീടുകളിലും, ക്ഷേത്രങ്ങളിലും, ആശ്രമങ്ങളിലും, പൊതുസ്ഥലങ്ങളിലും വിളക്കുകൾ കത്തിച്ചു .
‘ അന്ന് കർസേവകർക്കെതിരെ വെടിയുതിർത്തവരാണ് ഇന്ന് രാമക്ഷേത്രത്തിനെതിരെ പ്രതിഷേധിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാമക്ഷേത്ര പ്രസ്ഥാനത്തിനിടെ, ക്ഷേത്ര നിർമ്മാണം തടയാൻ അഭിഭാഷകരുടെ ഒരു സൈന്യത്തെ വിന്യസിച്ചു. അവർ വെടിയുതിർത്തു, പക്ഷേ ഞങ്ങൾ ഇന്ന് വിളക്കുകൾ കത്തിക്കുകയാണിവിടെ.
സത്യം പലരെയും അസ്വസ്ഥമാക്കാം, പക്ഷേ ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്ന് ഓരോ വിളക്കും നമ്മെ ഓർമ്മിപ്പിക്കുന്നു . സത്യം വിജയിക്കാൻ വിധിക്കപ്പെട്ടതാണ്, ഈ മനോഭാവത്തിലാണ് സനാതന ധർമ്മം 500 വർഷമായി പോരാടിയത്. ആ പോരാട്ടത്തിന്റെ ഫലമായി, ഇന്ന് അയോധ്യയിൽ ഒരു മനോഹരവും ദിവ്യവുമായ ക്ഷേത്രം ഉയർന്നുവന്നിരിക്കുന്നു. ‘ – യോഗി ആദിത്യനാഥ് പറഞ്ഞു.
2017-ൽ 1.71 ലക്ഷം വിളക്കുകളിൽ നിന്ന് 2018-ൽ 3.01 ലക്ഷം, 2019-ൽ 4.04 ലക്ഷം, 2020-ൽ 6.06 ലക്ഷം, 2021-ൽ 9.41 ലക്ഷം, 2022-ൽ 15.76 ലക്ഷം, 2023-ൽ 22.23 ലക്ഷം, 2024-ൽ 25.12 ലക്ഷം എന്നിങ്ങനെ അയോദ്ധ്യയിൽ തെളിയുന്ന വിളക്കുകളുടെ എണ്ണം വർധിച്ചു വരികയാണ് . റാം കി പൈഡിയിൽ ഡ്രോൺ ഷോയും ഒരുക്കിയിരുന്നു.

