തിരുവനന്തപുരം: അമിതവണ്ണത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്നതിനും നാമനിർദ്ദേശം നൽകിയതിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് നടൻ മോഹൻ ലാൽ. ആരോഗ്യകരമായ ഒരു ഇന്ത്യ ആരംഭിക്കുന്നത് ശ്രദ്ധാപൂർവ്വമായ തെരഞ്ഞെടുപ്പുകളിലൂടെയാണ്, കൂടാതെ അധിക ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്ക്കുന്നത് ശരിയായ ദിശയിലുള്ള അർത്ഥവത്തായ ഒരു ചുവടുവയ്പ്പാണ് – മോഹൻ ലാൽ എക്സിൽ കുറിച്ചു.
ഈ ദൗത്യത്തിൽ കൈകോർക്കാൻ പത്ത് പേരെകൂടി മോഹൻലാൽ ക്ഷണിച്ചു. സൂപ്പര്‍ താരങ്ങളായ രജനികാന്ത്, മമ്മൂട്ടി, ചിരഞ്ജീവി, ഉണ്ണി മുകുന്ദന്, ദുല്‍ഖര്‍ സല്മാന്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്ശന് എന്നിവര്‍ക്ക് പുറമേ സംവിധായകരായ പ്രിയദര്ശന്, മേജര്‍ രവി എന്നിവരെയാണ് മോഹന്‍ലാല്‍ ക്ഷണിച്ചത്.
ഒരുമിച്ച്, കൂടുതൽ ആരോഗ്യകരവും ആരോഗ്യകരവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാം. നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള ഏത് ശ്രമവും ഉദ്യമവും സ്വാഗതാര്‍ഹമാണ്. ആരോഗ്യമാണ് ജീവിത സൗഖ്യത്തിന്റെ അടിസ്ഥാനം. അമിത വണ്ണത്തിനെതിരായ പ്രധാനമന്ത്രിയുടെ പ്രചാരണത്തിന്റെ ഭാഗമാവുന്നതില്‍ ആരോഗ്യത്തെ ഉപവസിക്കുന്ന എനിക്ക് ഏറെ സന്തോഷമുണ്ട്. നിയന്ത്രണത്തോടെയും ആത്മസംയമനത്തോടെയും ജീവിച്ചാല്‍ ശരീരത്തെ ദുര്‍മേദസില്‍ നിന്ന് സംരക്ഷിച്ചുനിര്‍ത്താമെന്ന് അനുഭവിച്ചറിഞ്ഞയാളാണ് ഞാന്‍. അത്തരമൊരു ശരീരത്തില്‍നിന്ന് ജീവിതത്തിന്റെ സംഗീതമുണ്ടാകും. അതിന് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതാവട്ടെ ഈ ഉദ്യമം, എന്നായിരുന്നു മോദിയുടെ ചലഞ്ചിനോട് മോഹന്‍ലാലിന്റെ പ്രതികരണം.
മോഹന്‍ലാല്‍ അടക്കം പത്തുപേരെയാണ് മോദി പ്രചാരണത്തിനായി ക്ഷണിച്ചത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ഗായിക ശ്രേയാ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, നടന് മാധവന്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന് നിലേക്കനി, രാജ്യസഭാംഗം സുധാ മൂര്‍ത്തി, ഒളിമ്പിക് മെഡല്‍ ജേതാക്കളായ മനു ഭാക്കര്‍, മീരാഭായ് ചാനു, ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ ഹിന്ദുസ്ഥാനി എന്നിവരാണ് മോദി ചലഞ്ചില്‍ ഉള്‍പ്പെടുത്തിയ മറ്റുള്ളവര്‍. ഇവര്‍ ഓരോരുത്തരും മറ്റ് പത്തുപേരെ ചലഞ്ച് ചെയ്യണം.
അമിതവണ്ണപ്രശ്നം കൂടിവരുന്ന സാഹചര്യത്തില്‍ എണ്ണ ഉപയോഗം 10 ശതമാനം കുറയ്ക്കണമെന്ന് കഴിഞ്ഞദിവസം മന് കീ ബാത്തില്‍ മോദി പറഞ്ഞിരുന്നു. ഈയിടെ, ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേളയിലും പ്രധാനമന്ത്രി ഇതേകാര്യം ചൂണ്ടിക്കാട്ടിയിരുന്നു.