മദീനയ്ക്ക് സമീപം ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഡീസൽ ടാങ്കറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 42 പേർ മരിച്ചു. മരിച്ചവരിൽ പലരും ഇന്ത്യക്കാരാണെന്ന് സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബസ് മുഫ്രിഹത്തിന് സമീപം പുലർച്ചെ 1.30 ഓടെയാണ് അപകടത്തിൽപ്പെട്ടത്. ബസിലെ മിക്ക യാത്രക്കാരും തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുള്ളവരാണ്.
മക്കയിൽ നിന്ന് ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന സംഘം അപകടസമയത്ത് മദീനയിലേക്കുള്ള യാത്രയിലായിരുന്നു.നിരവധി യാത്രക്കാർ ആ സമയത്ത് ഉറങ്ങുകയായിരുന്നുവെന്നും, കൂട്ടിയിടിക്ക് ശേഷം ബസ് പൊട്ടിത്തെറിച്ചപ്പോൾ അവർക്ക് രക്ഷപ്പെടാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കുറഞ്ഞത് 11 സ്ത്രീകളും 10 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ബസ് പൂർണ്ണമായും കത്തിനശിച്ചതായും യാത്രക്കാരെ തിരിച്ചറിയുന്നത് വളരെ വെല്ലുവിളിയാണെന്നും റിപ്പോർട്ടുണ്ട്.റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. സർക്കാർ കൺട്രോൾ റൂം നമ്പറുകളും നൽകിയിട്ടുണ്ട് — +91 7997959754, +91 9912919545.
ജിദ്ദയിലെ ഇന്ത്യൻ എംബസി 24×7 കൺട്രോൾ റൂം സ്ഥാപിക്കുകയും സഹായത്തിനായി ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ (8002440003) നൽകുകയും ചെയ്തിട്ടുണ്ട്.

