മുംബൈ: മുംബൈ നഗരത്തിൽ 34 ചാവേറുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ഭീഷണി. ട്രാഫിക് പോലീസ് ഹെൽപ്പ് ലൈൻ നമ്പറിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത് . ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ 34 ചാവേർ ബോംബർമാരെ നിയമിച്ചിട്ടുണ്ടെന്നും ഒരു കോടി ജനങ്ങളെ കൊല്ലുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നുമായിരുന്നു ഭീഷണി.
മുംബൈയിലെ ട്രാഫിക് പോലീസിന് ഔദ്യോഗിക വാട്ട്സ്ആപ്പ് നമ്പറിലൂടെയാണ് ഭീഷണി ലഭിച്ചത് . നഗരത്തിലുടനീളമുള്ള 34 വാഹനങ്ങളിൽ 34 ‘മനുഷ്യ ബോംബുകൾ’ സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം മുഴുവൻ നഗരത്തെയും നടുക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു . ‘ലഷ്കർ-ഇ-ജിഹാദി’ എന്ന് അവകാശപ്പെടുന്ന സംഘടന, 14 പാകിസ്ഥാൻ ഭീകരർ ഇന്ത്യയിൽ കടന്നിട്ടുണ്ടെന്നും പറയുന്നു. സ്ഫോടനത്തിൽ 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിക്കുമെന്നാണ് ഭീഷണി .
അതിനു പിന്നാലെ മുംബൈ പോലീസ് അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തുടനീളമുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഭീഷണി സന്ദേശത്തെ കുറിച്ച് എല്ലാ അന്വേഷിച്ചുവരികയാണെന്ന് മുംബൈ പോലീസ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ ബോംബുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ഇന്നലെ മുംബൈ പോലീസിന് മറ്റൊരു ഭീഷണി കോൾ ലഭിച്ചിരുന്നു. അന്വേഷണത്തിൽ കോൾ വ്യാജമാണെന്ന് കണ്ടെത്തി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.

