ഡബ്ലിൻ: അയർലന്റിൽ കോളനോസ്കോപ്പി പരിശോധന ഇഴയുന്നു. നിലവിൽ 3500 ലധികം പേരാണ് പരിശോധനയ്ക്കായി കാത്തിരിക്കുന്നത്. ഇവരിൽ നല്ലൊരു ശതമാനം ആളുകളും അടിയന്തിര പരിശോധനകൾക്ക് നിർദ്ദേശിക്കപ്പെട്ടവരാണ്.
2,764 ആളുകൾ അടിയന്തിര കോളനോസ്കോപ്പി പരിശോധനയ്ക്ക് നിർദ്ദേശിക്കപ്പെട്ടവരാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പരിശോധനയ്ക്കായി ഒരു മാസം മുതൽ മൂന്ന് മാസംവരെ ഇവർക്ക് കാത്തിരിക്കേണ്ടിവരുന്നു. കാത്തിരിപ്പ് പലരോഗികളുടെയും ആരോഗ്യനില മോശമാക്കുന്നുവെന്നാണ് ഐറിഷ് ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നത്.
പെട്ടെന്ന് ശരീരഭാരം കുറഞ്ഞവർക്കും മലത്തിൽ രക്തം കണ്ടെത്തിയവർക്കുമാണ് അടിയന്തിര പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കുടലിലെ ക്യാൻസറിന്റെ പ്രധാനലക്ഷണങ്ങളാണ് ഇത്. അതുകൊണ്ട് തന്നെ കോളനോസ്കോപ്പി പരിശോധന വൈകുന്നത് ഇവർക്ക് ആവശ്യമായ ചികിത്സ നൽകുന്നതിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

