ജൂലൈയിലെ ശരാശരി മഴയുടെ 85% ത്തിലധികം വടക്കൻ അയർലണ്ടിന്റെ ചില ഭാഗങ്ങളിൽ 24 മണിക്കൂറിനുള്ളിൽ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷകർ . കനത്ത മഴയെത്തുടർന്ന് തിങ്കളാഴ്ച അയർലൻഡ് ദ്വീപിന്റെ പ്രധാന ഭാഗങ്ങളിൽ മഴയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നു.
ദ്വീപിന്റെ ചില ഭാഗങ്ങളിൽ കനത്ത വെള്ളപ്പൊക്കമുണ്ടായി. ഇടിമിന്നലിലും നാശനഷ്ടങ്ങളുണ്ടായി. ജൂലൈയിൽ സാധാരണയായി ഈ മേഖലയിൽ ശരാശരി 89 മില്ലിമീറ്റർ മഴ രേഖപ്പെടുത്തുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ 12 മുതൽ 18 മണിക്കൂർ കാലയളവിൽ 50-75 മില്ലിമീറ്റർ വരെ മഴ ലഭിച്ചു.ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ കില്ലോവനിൽ 68 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണയായി ഈ മാസം മുഴുവൻ 80.75 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിക്കുന്നത്.
മറ്റ് പ്രദേശങ്ങളിൽ ഉയർന്ന അളവിൽ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കനത്ത മഴ ഫെർമനാഗിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മാർബിൾ ആർച്ച് ഗുഹകളിൽ വെള്ളപ്പൊക്കത്തിന് കാരണമായി.ആൻട്രിം, അർമാഗ്, ഡൗൺ എന്നിവിടങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം 6 മണി വരെ 24 മണിക്കൂർ യെല്ലോ അലർട്ട് മഴ മുന്നറിയിപ്പ് നൽകിയിരുന്നു.
രാത്രിയിൽ കൂടുതൽ തീവ്രമായ ആംബർ ലെവൽ മുന്നറിയിപ്പ് താൽക്കാലികമായി നൽകിയെങ്കിലും നേരത്തെ പിൻവലിച്ചു.വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.വടക്കൻ അയർലണ്ടിന്റെ പടിഞ്ഞാറൻ പകുതിയിൽ ഞായറാഴ്ച ഉച്ചയ്ക്കും രാത്രി 8 മണിക്കും ഇടയിൽ ഇടിമിന്നൽ മുന്നറിയിപ്പും നൽകിയിരുന്നു.

